< Back
Kerala
‘സമകാലിക രാഷ്ട്രീയ കാലാവസ്ഥ വരച്ചുകാട്ടുന്ന പ്രസംഗം’; ചെന്നിത്തലയെ പുകഴ്ത്തി സാദിഖലി തങ്ങൾ
Kerala

‘സമകാലിക രാഷ്ട്രീയ കാലാവസ്ഥ വരച്ചുകാട്ടുന്ന പ്രസംഗം’; ചെന്നിത്തലയെ പുകഴ്ത്തി സാദിഖലി തങ്ങൾ

Web Desk
|
5 Jan 2025 7:57 AM IST

പട്ടിക്കാട് ജാമിഅ​ സമ്മേളനത്തിനെത്തിയ രമേശ്​ ചെന്നിത്തല സാദിഖലി തങ്ങളുമായും പി.കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ വാർഷിക സമ്മേളനത്തിൽ പ​ങ്കെടുത്ത കോൺഗ്രസ്​ നേതാവ്​ രമേശ് ചെന്നിത്തലയെ പുകഴ്​ത്തി മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്​ തങ്ങളുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​. രമേശ്​ ചെന്നിത്തലയുടെ ജാമിഅയിലെ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതാണെന്ന്​ സാദിഖലി തങ്ങൾ കുറിച്ചു. അദ്ദേഹത്തി​െൻറ വാക്കുകള്‍ ഏറ്റെടുത്ത് രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടാമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

‘പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പലതവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്‌നേഹ വിരുന്നൊരുക്കി ഫൈസാബാദ്.

ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതായിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം’ -സാദിഖലി തങ്ങൾ ഫേസ്​ബുക്കിൽ കുറിച്ചു.

പട്ടിക്കാട്​ ജാമിഅനൂരിയ സമ്മേളനത്തിനെത്തിയ രമേശ്​ ചെന്നിത്തല സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു. കെഎംസിസി നേതാവി​െൻറ വീട്ടിൽ വെച്ചായിരുന്നു ചർച്ച. സമ്മേളനത്തിലെ ഒരു സെഷന്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തല എത്തിയത്. പാണക്കാട് തങ്ങൾമാരെയും മുസ്​ലിം ലീഗിനെയും ആവോളം പുകഴ്ത്തിയാണ് ചെന്നിത്തല സംസാരിച്ചത്. ഈ മാസം 11ന് നടക്കുന്ന എസ്കെഎസ്എസ്എഫ് പരിപാടിയിലും രമേശ് ചെന്നിത്തല ഉദ്ഘാടകനാണ്.

Similar Posts