
എം.സ്വരാജ് അവാർഡിനായി അപേക്ഷിച്ചിരുന്നില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ
|'16 അവാർഡ് ജേതാക്കളിൽ 11ഉം അപേക്ഷ നൽകാത്തവരാണ്'
തൃശൂർ: എം.സ്വരാജ് അവാർഡിനായി അപേക്ഷിച്ചിരുന്നില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ. 16 അവാർഡ് ജേതാക്കളിൽ 11ഉം അപേക്ഷ നൽകാത്തവരാണെന്ന് സി.പി അബൂബക്കർ പറഞ്ഞു.
മുൻപും സാഹിത്യകാരന്മാർ അവാർഡ് നിരസിച്ചിരുന്നെന്നും സ്വരാജിന്റേത് അത്ഭുതകരമായ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ പുരസ്കാര ജേതാക്കളിൽ മൂന്ന് പേരും പുസ്തകം അയച്ച് അപേക്ഷിച്ചവരല്ല. അക്കാദമി ലൈബ്രറിയിൽ നിന്ന് തിരഞ്ഞെടുത്ത പുസ്തകങ്ങൾ അന്നും പരിഗണിച്ചിരുന്നുവെന്നും സി.പി അബൂബക്കർ പറഞ്ഞു.
അവാർഡ് പ്രഖ്യാപിക്കാൻ അവകാശമുള്ളത് പോലെ നിരസിക്കാനും അവകാശമുണ്ട്. 2024ലെ അവാർഡിന് അർഹരായ പുസ്തകങ്ങൾ തിരഞ്ഞെടുത്ത ജൂറിയെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടാകുന്നില്ല. സ്വരാജ് അവാർഡ് നിരസിച്ച സാഹചര്യത്തിൽ മറ്റാരെയും ഇത്തവണ പരിഗണിക്കില്ലെന്നും രണ്ടാമനെ അവാർഡിന് പരിഗണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും സി.പി അബൂബക്കർ കൂട്ടിച്ചേർത്തു.
ഡോ. പ്രസാദ് പന്ന്യൻ, സോ. രോഷ്നി സ്വപ്ന, ഡോ. കാവുംപാട് ബാലകൃഷ്ണൻ എന്നിവരായിരുന്നു ഉപന്യാസ വിഭാഗത്തിൽ പുസ്തകങ്ങൾ പരിശോധിച്ച ജൂറി.