< Back
Kerala
മന്ത്രി മാത്രമല്ല, അവർ കുഞ്ഞുങ്ങളുമായി ജീവിക്കുന്ന ഒരു സ്ത്രീ കൂടിയാണ്..;  വീണാ ജോര്‍ജിന് പിന്തുണയുമായി സജി ചെറിയാന്‍
Kerala

'മന്ത്രി മാത്രമല്ല, അവർ കുഞ്ഞുങ്ങളുമായി ജീവിക്കുന്ന ഒരു സ്ത്രീ കൂടിയാണ്..'; വീണാ ജോര്‍ജിന് പിന്തുണയുമായി സജി ചെറിയാന്‍

Web Desk
|
22 Feb 2026 12:36 PM IST

ഇത്രയും വേട്ടയാടപ്പെട്ട വേറൊരു മന്ത്രി ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. ഇത്രയും വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രിയില്ലെന്നും സ്ത്രീയാണെന്ന സാമാന്യ പരിഗണന നൽകുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

'അവര്‍ മന്ത്രി മാത്രമല്ല, കുഞ്ഞുങ്ങളും കുടുംബവുമായി താമസിക്കുന്ന സ്ത്രീയാണ്. അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി റീത്ത് വെക്കുക എന്നത് അങ്ങേയറ്റം വൃത്തികെട്ട സമരമാണ്. നാട്ടില്‍ കലാപമുണ്ടാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യം. ആരോഗ്യരംഗത്ത് നേരത്തെയും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഭാവിയിലും ഉണ്ടായേക്കാം. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം വീണാ ജോര്‍ജ് ചെയ്യുന്നുണ്ട്'. അവരെ ബോധപൂര്‍വം വേട്ടയാടുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

അതിനിടെ, ആരോഗ്യമന്ത്രിയുടെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ച സംഭവത്തിൽ മുന്നറിയിപ്പുമായി സിപിഎം സംസ്ഥന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. യൂത്ത് കോൺഗ്രസുകാർക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട് എന്ന നിലക്കാണ് കാര്യങ്ങൾ. ഈ നില തുടർന്നാൽ പ്രതികരണങ്ങൾ ഉണ്ടാകും. പ്രതികരണങ്ങൾ ഉണ്ടായാൽ സംഘർഷത്തിലേക്ക് പോകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കത്രിക കുടുങ്ങിയ സംഭവം ഒറ്റപ്പെട്ട സംഭവമാണെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു.

അതേസമയം,ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ഡോ. ഷാഹിദക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. വിശദ അന്വേഷണത്തിന് രൂപീകരിച്ച നാലംഗ സംഘത്തിന്റേതാണ് റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.ശസത്രക്രിയക്ക് സക്രബ് നേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ഉപകരണങ്ങൾ എല്ലാം ഉണ്ടോ എന്ന ഡോക്ടറുടെ ചോദ്യങ്ങൾക്ക് അതെ എന്ന മറുപടി ലഭിച്ചതിന് ശേഷമാണ് തുന്നൽ ഇട്ടതെന്നും റിപ്പോർട്ടിലുണ്ട്. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്നാണ് നടപടി നേരിട്ട നഴ്സ് ധന്യ നൽകിയ മൊഴി.


Similar Posts