< Back
Kerala
എനിക്ക് തെറ്റ് പറ്റി... പാർട്ടി സെക്രട്ടറി പറഞ്ഞത് അംഗീകരിക്കുന്നു; ബഫര്‍ സോണില്‍ മലക്കം മറിഞ്ഞ് സജി ചെറിയാന്‍
Kerala

'എനിക്ക് തെറ്റ് പറ്റി... പാർട്ടി സെക്രട്ടറി പറഞ്ഞത് അംഗീകരിക്കുന്നു'; ബഫര്‍ സോണില്‍ മലക്കം മറിഞ്ഞ് സജി ചെറിയാന്‍

Web Desk
|
23 March 2022 1:32 PM IST

നേരത്തെ കെ റെയിലിന് ബഫർസോണില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു

കെ റെയിലിൽ ബഫർ സോണില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാൻ. തനിക്ക് തെറ്റ് പറ്റിയെന്നും ബഫർ സോൺ ഉണ്ടെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.

നേരത്തെ കെ റെയിലിന് ബഫർസോണില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കെ റെയിൽ എം.ഡി പറഞ്ഞതുപോലെ ബഫർസോണുണ്ടാകുമെന്ന് കാസർകോട്ട്‌ വെച്ച്‌ അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.

കെ-റെയിൽ പാതയ്ക്ക് ചുറ്റും ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ വാദത്തിനെതിരെ ഇന്നലെയാണ് എം.ഡി അജിത്ത് കുമാർ രംഗത്തെത്തിയത്. പദ്ധതിയുടെ ഭാഗമായി പത്ത് മീറ്റർ വരെ ബഫർസോൺ ഉണ്ടാകുമെന്നായിരുന്നു അജിത് കുമാറിന്‍റെ പ്രതികരണം.കെ-റെയിൽ പാതയുടെ ഒരു കിലോമീറ്റർ അപ്പുറവും ഇപ്പറവും ബഫർ സോൺ ആണെന്നാണ് പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്നായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ 'കെ റെയിൽ പാതയുടെ അഞ്ച് മീറ്ററിൽ നിർമാണം പാടില്ല. പത്ത് മീറ്റർ വരെ ബഫർ സോൺ ആയിരിക്കും. ബഫർ സോണിലുള്ളവർക്ക് നഷ്ടപരിഹാരമില്ല'- എം.ഡി അജിത്കുമാര്‍ പറഞ്ഞു.

അതേസമയം ഇപ്പോൾ നടക്കുന്നത് സമരത്തിന് വേണ്ടിയുള്ള സമരമാണെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കല്ലിടാതെയും സാമൂഹികാഘാത പഠനം നടത്താമെന്നും അത് സർക്കാർ പരിശോധിക്കുമെന്നും നിലപാട് മയപ്പെടുത്തി കോടിയേരി പറഞ്ഞു.

Similar Posts