< Back
Kerala
നെന്മാറ പ്രണയം; സജിതയെ കാണാന്‍ മാതാപിതാക്കളെത്തി
Kerala

നെന്മാറ പ്രണയം; സജിതയെ കാണാന്‍ മാതാപിതാക്കളെത്തി

Web Desk
|
11 Jun 2021 1:10 PM IST

പ്രണയമെന്ന ഒറ്റ വികാരമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും സജിതയെ മതം മാറ്റിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും റഹ്മാനും സജിതയും വ്യക്തമാക്കി.

പാലക്കാട് നെന്മാറയിൽ പത്ത് വർഷം കാണാതായ മകള്‍ സജിതയെ കാണാൻ മാതാപിതാക്കളെത്തി. മകളെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും മരിച്ചുപോയെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍, സത്യാവസ്ഥയറിയുന്നത് കഴിഞ്ഞ ദിവസമാണ്.

അയിലൂര്‍ സ്വദേശി റഹ്മാന്‍ കാമുകിയായ സജിതയെ സ്വന്തം മുറിക്കുള്ളില്‍ പത്തുവര്‍ഷമായി ഒളിച്ചു താമസിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് ഇവര്‍ ആരംഭിച്ച ഒളിവ് ജീവിതം കഴിഞ്ഞ ദിവസമാണ് പുറം ലോകം അറിഞ്ഞത്.

മകളെ കണ്ടതിലുള്ള സന്തോഷം മാതാപിതാക്കള്‍ പ്രകടിപ്പിച്ചപ്പോള്‍ ഇനി നല്ലരീതിയില്‍ ജീവിക്കുമെന്നാണ് സജിത പ്രതികരിച്ചത്. ഇതുപോലെ തന്‍റെ മാതാപിതാക്കളും തങ്ങളെ അംഗീകരിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹ്മാനും പറഞ്ഞു.

സജിതയെ റഹ്മാന്‍ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, പ്രണയമെന്ന ഒറ്റ വികാരമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും മതം മാറ്റിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും റഹ്മാനും സജിതയും വ്യക്തമാക്കി.

അതേസമയം, സജിതയെ ഒളിവിൽ താമസിപ്പിച്ചു എന്നത് അസത്യമാണെന്നാണ് റഹ്മാന്‍റെ മാതാപിതാക്കള്‍ പറയുന്നത്. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയപെടുന്ന ജനലിന്‍റെ അഴികൾ മുറിച്ചുമാറ്റിയതെന്നാണ് പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ മീഡിയവണിനോട് പ്രതികരിച്ചത്.


Similar Posts