< Back
Kerala
Moyin kutty master
Kerala

'വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരം'; സ്കൂള്‍ സമയമാറ്റത്തില്‍ ചർച്ചയില്ലെന്ന നിലപാടിനെതിരെ സമസ്ത

Web Desk
|
12 July 2025 7:54 AM IST

വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

കോഴിക്കോട്: സ്കൂള്‍ സമയമാറ്റത്തില്‍ ചർച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ സമസ്ത. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്ന് സമസ്ത ജനറല്‍ മാനേജർ കെ.മോയിന്‍കുട്ടി മാസ്റ്റർ മീഡിയവണിനോട് പറഞ്ഞു.

വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തുടർപ്രക്ഷോഭം ആലോചിക്കാന്‍ സമസ്ത മതവിദ്യാഭ്യാസ ബോർഡ് ഇന്ന് ചേരും. മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് സമസ്ത തയാറാകുമെന്നും മോയിന്‍കുട്ടി മാസ്റ്റർ പറഞ്ഞു.

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ സമസ്ത എ പി വിഭാഗവും രംഗത്തെത്തിയിരുന്നു. രാജ്യാന്തര തലത്തിലുള്ള മികച്ച വിദ്യാലയങ്ങളുടെ സമയക്രമം സര്‍ക്കാര്‍ പഠിക്കണമെന്ന് എപി വിഭാഗം ആവശ്യപ്പെടുന്നു.

കേരളത്തിന്‍റെ വിദ്യാഭ്യാസ മുന്നേറ്റം എല്ലാവരുടെയും ഒന്നിച്ചുള്ള ശ്രമത്തിന്‍റെ ഫലമാണ്. ഇതില്‍ വിഭാഗീയത കാണുന്നത് അംഗീകരിക്കാനാകില്ലെന്നും എപി വിഭാഗം വിമര്‍ശിച്ചു. മലപ്പുറം മഅ്ദിന്‍ കാമ്പസില്‍ നടന്ന കേരള മുസ്‍ലിം ജമാഅത്ത് നേതൃ ക്യാമ്പിലാണ് വിമര്‍ശനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മതസംഘടനകളുമായി കൂടിയാലോചന നടത്തിയിട്ടില്ല. മദ്‌റസ സമയമനുസരിച്ച് സ്‌കൂള്‍ സമയം ക്രമീകരിക്കാവുന്നതാണെന്നും എപി വിഭാഗം വിമര്‍ശിച്ചു.



Similar Posts