< Back
Kerala
Samastha leader kadery muhammed musliyar died
Kerala

സമസ്ത മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

Web Desk
|
7 Sept 2023 10:18 AM IST

ഖബറടക്കം വൈകീട്ട് നാലുമണിക്ക് മലപ്പുറം ആലത്തൂർപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാടേരി മുഹമ്മദ് മുസ്ലിയാർ (60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ എട്ടിന് മലപ്പുറം എം.ബി. എച്ച് ആശുപത്രിയിലായിരുന്നു അന്ത്യം.

കാടേരി അബ്ദുൽ വഹാബ് മുസ്ലിയാരുടെയും മൈമൂനയുടെയും മകനായി 1963ൽ മലപ്പുറം ജില്ലയിലെ പെരിമ്പലത്ത് ജനനം. മേൽമുറി, ഇരുമ്പുഴി, ചെമ്മങ്കടവ്, കോങ്കയം, രണ്ടത്താണി, കിഴക്കേപുരം എന്നിവിടങ്ങളിൽ ദർസ് പഠനം നടത്തിയതിനു ശേഷം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലപ്പുറം ജില്ലയിലെ ഇരുമ്പു ചോല മഹല്ലിൽ ദർസ് നടത്തിവരികയായിരുന്നു. കാച്ചനിക്കാടും ദർസ് നടത്തിയിട്ടുണ്ട്. നിലവിൽ മങ്കട പള്ളിപ്പുറം, മലപ്പുറം ചെമ്മങ്കടവ് എന്നിവിടങ്ങളിൽ ഖാസിയായിരുന്നു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം, സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ച കാടേരി മുഹമ്മദ് മുസ്ലിയാർ 2021 ജനുവരി 13നാണ് സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഖബറടക്കം വൈകീട്ട് നാലുമണിക്ക് മലപ്പുറം ആലത്തൂർപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. നസീറയാണ് ഭാര്യ. മക്കൾ: അബ്ദുല്ല കമാൽ ദാരിമി , അബ്ദുൽ വഹാബ് മുസ്ലിയാർ, നഫീസത്ത്, അബ്ദുൽ മാജിദ്, അബ്ദുൽ ജലീൽ , പരേതയായ മുബശ്ശിറ. മരുമക്കൾ നിബ്റാസുദ്ദീൻ ഹൈതമി ചീക്കോട്, ഫാത്തിമ നഫ്റീറ. സഹോദരങ്ങൾ: അബ്ദുൽ ശുക്കൂർ ദാരിമി, ഉമ്മുൽ ഫദ്ല, പരേതരായ അബ്ദുൽ ഖാദിർ മുസ്ലിയാർ, ഖദീജ.

Similar Posts