< Back
Kerala
സമസ്തയിലെ വിഭാഗീയതയിൽ ഇന്ന് സമവായ യോഗം; ലീഗ് വിരുദ്ധ ചേരി വിട്ടുനിന്നേക്കും
Kerala

സമസ്തയിലെ വിഭാഗീയതയിൽ ഇന്ന് സമവായ യോഗം; ലീഗ് വിരുദ്ധ ചേരി വിട്ടുനിന്നേക്കും

Web Desk
|
9 Dec 2024 7:09 AM IST

ഈ മാസം 11 ന് ചേരുന്ന മുശാവറ യോഗത്തിന് മുമ്പായി തർക്കങ്ങൾ പരിഹരിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം

മലപ്പുറം: സമസ്തയിലെ വിഭാഗീയ തർക്കങ്ങളിൽ നിർണായക യോഗം ഇന്ന് ചേർന്നേക്കും. സമസ്തയിലെ ലീഗ് അനുകൂല- വിരുദ്ധ ചേരികളുടെ പരസ്യപ്പോര് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സമസ്ത- ലീഗ് നേതാക്കൾ ഇന്ന് മലപ്പുറത്ത് യോഗം വിളിച്ചത്. അതേസമയം, യോഗത്തിൽ ഇരുചേരികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല.

സമസ്തയിലെയും ലീഗിലേയും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ സമസ്തയിലെ ലീഗ് അനുകൂല- വിരുദ്ധ ചേരി വിഭാഗം നേതാക്കളെ ഒരുമിച്ചിരുത്തി ചർച്ച നടത്താനാണ് സമസ്ത- ലീഗ് നേതൃത്വത്തിന്റെ ആലോചന. ഉമർ ഫൈസി, സമസ്ത പോഷക സംഘടന ഭാരവാഹികളിൽ ഒരു വിഭാഗം നേതാക്കളുടെയും പരസ്യ പ്രസ്താവനകൾ, ലീഗ് നേതാക്കളായ പി.എം.എ സലാം, കെ.എം ഷാജി എന്നിവരുടെ പ്രതികരണങ്ങൾ, തർക്കം രൂക്ഷമാക്കിയ സിഐസി വിഷയവും സുപ്രഭാതവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പരിഹാരം കണ്ടെത്തുകയാണ് സമവായ ചർച്ചയുടെ ലക്ഷ്യം.

സമസ്ത ലീഗ് തർക്കത്തിന്റെ ഭാഗമായി നേരത്തേയും പ്രശ്നപരിഹാര ചർച്ചകൾ നടന്നിരുന്നുവെങ്കിലും ശാശ്വത പരിഹാരം സാധ്യമായിരുന്നില്ല. തർക്കം സമസ്തയ്ക്ക് അകത്ത് തന്നെ ചേരികൾ സൃഷ്ടിക്കുകയും പരസ്യപോരിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതോടെയാണ് സമസ്ത- ലീഗ് നേതൃത്വം ഇടപെട്ട് തർക്ക പരിഹാര നീക്കങ്ങൾ ആരംഭിച്ചത്. ഈ മാസം 11 ന് ചേരുന്ന മുശാവറ യോഗത്തിന് മുമ്പായി തർക്കങ്ങൾ പരിഹരിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. അതേസമയം സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരാണെങ്കിലും ലീഗ് വിരുദ്ധ മറുവിഭാഗം ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാനും സാധ്യതയുണ്ട്. സാങ്കേതികമായ കാരണങ്ങളാണ് ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

Similar Posts