
ആൾക്കൂട്ടക്കൊല, വിദ്വേഷപ്രസംഗ കേസുകളിൽ കോടതിയലക്ഷ്യ ഹരജിയുമായി സമസ്ത
|ബിഹാറിൽ നടന്ന ആറ് സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി
ന്യൂഡൽഹി: ആൾക്കൂട്ടക്കൊല, വിദ്വേഷപ്രസംഗ കേസുകളിൽ കോടതിയലക്ഷ്യ ഹരജിയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സംസ്ഥാന സർക്കാരുകളും കേന്ദ്രവും സുപ്രിംകോടതി മാർഗനിർദേശങ്ങൾ പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ആൾക്കൂട്ടക്കൊലയിലും വിദ്വേഷപ്രസംഗത്തിൽ എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന് സുപ്രിംകോടതി 2018 ലെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്നാണ് സമസ്തയുടെ ഹരജിയിൽ പറയുന്നത്.
ചില കേസുകൾ ഹരജിയിൽ എടുത്തുപറയുന്നുണ്ട്. 05-12-2015ന് ബിഹാറിൽ വസ്ത്ര വ്യാപാരിയായ മുഹമ്മദ് ഹുസൈനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു, 08-02-2025ൽ ഔറംഗാബാദിൽ വസീം എന്ന വ്യക്തിയെ ക്ഷേത്രത്തിൽ വെള്ളം കുടിക്കാൻ കയറിയെന്ന് ആരോപിച്ച് അടിച്ചുകൊന്നു. കൂടാതെ 05-05-2025ന് ചപ്രയിൽ കള്ളനെന്ന് ആരോപിച്ചാണ് മറ്റൊരാളെ അടിച്ചുകൊന്നത്.
ബിഹാറിൽ നടന്ന ആറ് സംഭവങ്ങളാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സുപ്രിംകോടതി മാർഗനിർദേശങ്ങൾ പാലിക്കാത്തതിൽ ബിഹാർ ഡിജിപിക്ക് എതിരെ നടപടിയെടുക്കണം. ബിഹാർ സർക്കാരിന് നോട്ടീസയക്കണം. തുടങ്ങിയ ആവശ്യങ്ങളാണ് സമസ്തയുടെ ഹരജിയിൽ ഉന്നയിക്കുന്നത്.