< Back
Kerala
സമസ്തക്ക് ഇന്ന് 99 വയസ്; കോഴിക്കോട് വരക്കലിൽ വിപുലമായ പരിപാടികൾ
Kerala

സമസ്തക്ക് ഇന്ന് 99 വയസ്; കോഴിക്കോട് വരക്കലിൽ വിപുലമായ പരിപാടികൾ

Web Desk
|
26 Jun 2025 9:05 AM IST

2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട് നടക്കുന്ന സമസ്ത 100ാം വാർഷിക മഹാ സമ്മേളനത്തിന് 10001 അംഗ സ്വാഗതസംഘത്തിന് നേരത്തെ രൂപം നൽകിയിരുന്നു

കോഴിക്കോട്: സമസ്ത 100ാം വാർഷികത്തിലേക്ക്‌. ഇസ്‌ലാമിക പ്രബോധനത്തിന്റെ പൈതൃകവഴിയില്‍ 99 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സമസ്ത. ഇന്നാണ് സമസ്തയുടെ 99ാംവാര്‍ഷികം. 2026ലാണ് നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍. 1926 ജൂണ്‍ 26നാണ് സമസ്ത രൂപീകരിച്ചത്. അതേസമയം വിപുലമായ പരിപാടികളോടെയാണ് സമസ്ത 100ാം വാര്‍ഷികം ആഘോഷിക്കുന്നത്.

2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട് നടക്കുന്ന സമസ്ത 100ാം വാർഷിക മഹാ സമ്മേളനത്തിന് 10001 അംഗ സ്വാഗതസംഘത്തിന് നേരത്തെ രൂപം നൽകിയിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുത്ത കൺവെൻഷനിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്നതാണ് സമ്മേളന പ്രമേയം.

പരിപാടികളുടെ തുടക്കം കുറിച്ച് കോഴിക്കോട് വരക്കൽ മഖാം അങ്കണത്തിൽ ഇന്ന് രാവിലെ 11ന് പതാക ഉയർത്തും. സ്ഥാപക പ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളും ദീർഘകാലം സമസ്തയെ നയിച്ച ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന മഖാമിൽ സിയാറത്ത് നടക്കും.

തുടർന്ന് മഖാം അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ സ്ഥാപകദിന സംഗമം പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.സമസ്ത യുടെയും പോഷക സംഘടനകളുടെയും നേതാക്കൾ, ഗൾഫ് സംഘടന നേതാക്കൾ, പൗരപ്രമുഖർ സംബന്ധിക്കും.

Similar Posts