< Back
Kerala
Muscat Central Committee and Ruwi Unit Committee were temporarily frozen.
Kerala

ചർച്ചക്ക് തയ്യാറെന്ന് സമസ്ത; മലപ്പുറത്ത് നടത്താനിരുന്ന വാർത്താസമ്മേളനം ഒഴിവാക്കി ആദർശ സംരക്ഷണ സമിതി

Web Desk
|
5 Dec 2024 12:50 PM IST

മുശാവറക്ക് മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നാണ് സമസ്ത ആദർശവേദി നേതാക്കളെ അറിയിച്ചത്.

കോഴിക്കോട്: ആദർശ സംരക്ഷണ സമിതി ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറെന്ന് സമസ്ത. സമസ്ത ചർച്ചക്ക് തയ്യാറെന്ന് അറിയിച്ചതോടെ ഇന്ന് മലപ്പുറത്ത് നടത്താനിരുന്ന വാർത്താസമ്മേളനം ലീഗ് അനുകൂല വിഭാഗം ഒഴിവാക്കി. മുശാവറക്ക് മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നാണ് സമസ്ത ആദർശവേദി നേതാക്കളെ അറിയിച്ചത്. ഈ മാസം 11നാണ് സമസ്ത മുശാവറ യോ​ഗം ചേരുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കുക, സുപ്രഭാതം പത്രത്തിന്റെ സിപിഎം അനുകൂല നിലപാട് തിരുത്തുക തുടങ്ങിയ വിഷയങ്ങളാണ് ലീഗ് അനുകൂലികൾ ഉന്നയിക്കുന്നത്. സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ഇവർ ഉന്നയിക്കുന്നു.

സമസ്തയിലെ ലീഗ് അനുകൂലികൾ കോഴിക്കോട് യോഗം ചേർന്നാണ് സമസ്ത ആദർശ സംരക്ഷണ സമിതി രൂപീകരിച്ചത്. എം.സി മായിൻ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, പി.എ ജബ്ബാർ ഹാജി, അബ്ദുറഹ്മാൻ കല്ലായി തുടങ്ങിയവരാണ് ആദർശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ളത്. സമസ്തയിൽ ഏറെ നാളായി തുടരുന്ന തർക്കം പരസ്യമായ പോരിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ. സമസ്തയുടെ പോഷകസംഘടനാ നേതാക്കൾ ഇരുചേരിയായി തിരിഞ്ഞ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനാവില്ല. ഉമർ ഫൈസിയെ മുശാവറയിൽനിന്ന് നീക്കുന്നത് പോലുള്ള കാര്യങ്ങൾ എത്രത്തോളം പ്രായോഗികമാണ് എന്നതും സംശയകരമാണ്.

Similar Posts