< Back
Kerala
മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരിൽ വോട്ട് ചെയ്തുവെന്ന് സന്ദീപ് വാര്യർ
Kerala

മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരിൽ വോട്ട് ചെയ്തുവെന്ന് സന്ദീപ് വാര്യർ

Web Desk
|
12 Aug 2025 10:37 AM IST

ഒന്നരവർഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണ്

പാലക്കാട്: മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരിൽ വോട്ട് ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണനെതിരെയാണ് ആരോപണം. ഒന്നരവർഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് ചേർത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട് . തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് ചേർത്തത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയൽജില്ലകളിലെ പ്രവർത്തകരുടെ വോട്ടുകൾ തൃശൂരിലേക്ക് ചേർത്തു എന്നതിന്‍റെ വ്യക്തമായ തെളിവാണ്. ഒന്നരവർഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണ്. അങ്ങനെയാണെങ്കിൽ ആരുടെ കൂടെയായിരുന്നു താമസം എന്നത് കൂടെ ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തേണ്ടിവരും.

കാരണം അദ്ദേഹത്തിന്‍റെ കുടുംബം മലപ്പുറത്ത് തന്നെയാണ്. ആയിരക്കണക്കിന് വ്യാജ വോട്ടുകൾ തൃശൂരിൽ ചേർത്തു എന്നത് വ്യക്തമായിട്ടും എന്തുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ മൗനം പാലിക്കുന്നത്. ഇക്കാര്യത്തിൽ നടന്ന ക്രിമിനൽ ഗൂഢാലോചന പൊലീസിന് അന്വേഷിക്കാവുന്നതേയുള്ളൂ.

Similar Posts