
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയെ നിർത്തുന്നില്ലെങ്കിൽ അത് സിപിഎമ്മുമായുള്ള അഡ്ജസ്റ്റ്‌മെന്റ് ആയിരിക്കും- സന്ദീപ് വാര്യർ
|വയനാട്ടിൽ പ്രിയങ്കാ ഗാന്ധി വിജയിച്ചപ്പോൾ അവരുടെ ഭൂരിപക്ഷം തീവ്രവാദികൾ വോട്ട് ചെയ്തിട്ട് ലഭിച്ചതാണെന്നാണ് സിപിഎം നേതാവ് എ. വിജയരാഘവൻ പറഞ്ഞതെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ നിർത്തുന്നില്ലെങ്കിൽ അത് സിപിഎമ്മുമായുള്ള അഡ്ജസ്റ്റ്‌മെന്റ് ആയിരിക്കുമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. കോൺഗ്രസ് മുക്ത ഭാരതമുണ്ടാക്കാൻ എല്ലായിടത്തും പണിയെടുക്കുന്നത് ബിജെപിയാണ്. ബിജെപിയുമായി എല്ലാ സംസ്ഥാനത്തും നേരിട്ട് ഏറ്റുമുട്ടുന്നത് കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ്. ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ പോയ പിണറായി എന്തുകൊണ്ടാണ് കേന്ദ്രത്തിനെതിരെ മിണ്ടാത്തതെന്നും സന്ദീപ് ചോദിച്ചു. മീഡിയവൺ സ്‌പെഷ്യൽ എഡിഷൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സന്ദീപ്.
ബിജെപിക്കാർ ഒരിക്കലും കോൺഗ്രസിന് വോട്ട് ചെയ്യില്ല. ബിജെപിയെ എന്നെങ്കിലും അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയുമെങ്കിൽ അത് കോൺഗ്രസിനായിരിക്കും. വയനാട് ഉപതെരഞ്ഞെടുപ്പിൽ 60,000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കാ ഗാന്ധിക്ക് നിലമ്പൂരിൽ ലഭിച്ചത്. അതെല്ലാം തീവ്രവാദികൾ വോട്ട് ചെയ്തുണ്ടാക്കിയതാണ് എന്നാണ് എ. വിജയരാഘവൻ പറഞ്ഞത്. നിലമ്പൂരിലെ വോട്ടർമാർ തീവ്രവാദികളാണോയെന്നും സന്ദീപ് വാര്യർ ചോദിച്ചു.
പ്രിയങ്കാ ഗാന്ധിക്ക് വോട്ട് ചെയ്തത് ജാതി, മത, രാഷ്ട്രീയ മാനദണ്ഡങ്ങൾക്ക് അതീതമായാണ്. അവരെ തീവ്രവാദികളെന്ന് വിളിച്ച സിപിഎമ്മിന് എങ്ങനെയാണ് നിലമ്പൂരിലെ വോട്ടർമാർക്ക് മുന്നിലേക്ക് പോവാൻ കഴിയുക? യോഗി ആദിത്യനാഥിനെപ്പോലും നാണിപ്പിക്കുന്ന വർഗീയ പ്രചാരണമാണ് സമീപകാലത്ത് സിപിഎം കേരളത്തിൽ നടത്തിയത്. മലപ്പുറത്തും കോഴിക്കോട്ടും രാവിലെ വ്യായാമം ചെയ്യാൻ പോകുന്നവരിൽ മുസ്‌ലിംകളുടെ എണ്ണം കൂടുതലായപ്പോൾ അവരെല്ലാം തീവ്രവാദ പരിശീലനത്തിന് പോകുന്നവരാണെന്ന് പറഞ്ഞത് സിപിഎം നേതാക്കളാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.