< Back
Kerala
പുറം അടിച്ചു പൊളിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ; റിജിൽ മാക്കുറ്റിക്ക് അടി കിട്ടിയത് ആഘോഷമാക്കി സംഘ് പ്രൊഫൈലുകൾ
Kerala

'പുറം അടിച്ചു പൊളിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ'; റിജിൽ മാക്കുറ്റിക്ക് അടി കിട്ടിയത് ആഘോഷമാക്കി സംഘ് പ്രൊഫൈലുകൾ

Web Desk
|
21 Jan 2022 12:11 PM IST

ശശികല ടീച്ചർ, ലസിത പാലക്കൽ തുടങ്ങിയവരെല്ലാം റജിലിനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ടു.

കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിനിടെ പ്രതിഷേധം നടത്തിയതിന് സിപിഎം പ്രവർത്തകരുടെ മർദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്കെതിരെ സംഘ് പരിവാർ പ്രൊഫൈലുകൾ. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ, യുവമോർച്ചാ മുൻ നേതാവ് ലസിത പാലക്കൽ തുടങ്ങിയവരെല്ലാം റജിലിനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ടു.

'പശുക്കുട്ടിയെ അറുത്തതിന് അറുത്തവനെ സഖാക്കൾ പഞ്ഞിക്കിട്ടത്രെ! സംഘി ഫാസിസം (?) തുലയട്ടെ' - എന്നാണ് ശശികലയുടെ കുറിപ്പ്. നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. 'കണ്ണൂർ സിറ്റിയിൽ വെച്ച് പരസ്യമായി പശുകുട്ടിയെ അറുത്ത പുക്കുറ്റിയുടെ പുറം അടിച്ച് പൊളിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ.' -എന്നാണ് ലസിത പാലക്കൽ കുറിച്ചത്.



ഇതേക്കുറിച്ച് സംഘ് പ്രൊഫൈലായ ശ്രീജിത് പണ്ടാലം കുറിച്ചതിങ്ങനെ. 'പൂക്കുറ്റിയ്ക്ക് പിന്നേം അപമാനം. ഇവന് തല്ല് കിട്ടിയതിൽ സന്തോഷിച്ചത് അൽ കേരള സർക്കാരിന്റെ കെ-റയിൽ എന്ന ഉടായിപ്പ് പരിപാടിയ്ക്കുള്ള സപ്പോർട്ട് ആയി കരുതരുത്... കെ-റയിൽ നടക്കുന്ന കാര്യമല്ല, പക്ഷെ നടുറോഡിൽ കൊണ്ടുവന്ന് പശുക്കിവിനെ പരസ്യമായി അറുത്ത് തെമ്മാടിത്തം കാണിച്ച റിജിലിന് അടി കിട്ടിയതിൽ ഉള്ള സന്തോഷം ആണ് എന്ന് സുടു -കമ്മി ടീമുകളെ അറിയിച്ചു കൊള്ളട്ടെ.' കണ്ണൂരിന്റെ കാവിപ്പട, വത്സൻ തില്ലങ്കേരിയുടെ പ്രസംഗങ്ങളുടെ ഫാൻസ് തുടങ്ങിയ സംഘ്പരിവാർ പേജുകളിലും റിജിലിനെതിരെയുള്ള പോസ്റ്റുകൾ നിരവധിയുണ്ട്.



അതിനിടെ, തനിക്ക് മർദനമേറ്റതിൽ സഖാക്കളേക്കാൾ സന്തോഷം സംഘികൾക്കാണെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു. സിൽവർ ലൈൻ വന്നാൽ തൻറെ വീടോ കുടുംബത്തിൻറെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരമെന്നും റിജിൽ ഫേസ്ബുക്കിൽ കുറിച്ചു.

റിജിൽ മാക്കുറ്റിയുടെ കുറിപ്പ്

എൻറെ വീടോ എൻറെ കുടുബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ല. കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലും പിറകോട്ടില്ല. ഇത് കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവും യു.ഡി.എഫും പ്രഖ്യാപിച്ച സമരമാണ്.

സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെക്കാളും സന്തോഷം സംഘികൾക്ക് ആണ്. അതുകൊണ്ട് തന്നെ എൻറെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിയൊഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിൻറെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നോ ആക്രമിച്ച് ഇല്ലാതാക്കാമെന്നും സഖാക്കളോ സംഘികളോ നോക്കണ്ട.

പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ച മുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്‌ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ യു.എ.പി.എ പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പൊലീസ്. ഇതാണ് ചുവപ്പ് നരച്ചാൽ കാവി.

Similar Posts