
ശശി തരൂര്‍ സിപിഎമ്മിലേക്കോ? സിപിഎം തരൂരിനെ സമീപിച്ചതായി സൂചന; 27ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും പങ്കെടുക്കില്ല
|ദുബൈയിലെത്തിയ തരൂർ ഇടത് ബന്ധമുള്ള വ്യവസായിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകൾ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി അതൃപ്തി തുടര്‍ന്ന് ശശി തരൂര്‍. 27ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുക്കില്ല. തരൂരിന്റെ ദുബൈ യാത്രയിലും അഭ്യൂഹം. രാഷ്ട്രീയ മാറ്റ ചര്‍ച്ചകള്‍ നടന്നതായും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. രാഷ്ട്രീയമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി തരൂരിനെ സിപിഎം സമീപിച്ചതായാണ് സൂചനകള്‍. എന്നാല്‍, തരൂരിന്റേത് സമ്മര്‍ദതന്ത്രമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
നേരത്തെ നിശ്ചയിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി തരൂര്‍ ഇന്ന് ദുബൈയിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് തരൂര്‍ ഇടത് ബന്ധമുള്ള വ്യവസായിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകള്‍. ശശി തരൂരിന്റെ രാഷ്ട്രീയമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം നേതൃത്വവും ശശി തരൂരിനെ സമീപിച്ചിരുന്നും സൂചനകളുണ്ട്.
പുറത്തുവരുന്ന അഭ്യൂഹങ്ങളിൽ ചിലത് അടുത്ത വൃത്തങ്ങൾ ശരിവെക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തരൂര്‍ എന്ത് പറയുന്നുവെന്നതാണ് നിര്‍ണായകം. 27 ന് തിരുവനന്തപുരത്ത് വെച്ചുനടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തരൂര്‍ പങ്കെടുക്കില്ല. നേരത്തെ ഡല്‍ഹിയില്‍ വെച്ചുനടന്ന യോഗങ്ങളിലും തരൂര്‍ പങ്കെടുത്തിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള തരൂരിന്‍റെ സമീപകാല പ്രസ്താവനകൾ കോൺഗ്രസ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. നിരന്തരമായുള്ള തരൂരിന്‍റെ പ്രസ്താവനകൾ പലപ്പോഴും എതിർക്കേണ്ട സാഹചര്യവുമുണ്ടായി. തുടർന്ന് തരൂർ കോൺഗ്രസ് വിട്ടേക്കുമെന്ന സൂചനകൾ ശക്തമായിരുന്നു. നിലവിൽ പരസ്യപ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.