< Back
Kerala
Sathar Panthalloor against Shashi tharoor
Kerala

മുന്നാക്ക സംവരണം ധൃതിപിടിച്ച് നടപ്പാക്കിയ ഇടതുപക്ഷത്തിന് ജാതി സെൻസസ് നടത്താൻ എന്താണ് തടസ്സമെന്ന് വ്യക്തമാക്കണം: സത്താർ പന്തല്ലൂർ

Web Desk
|
24 Sept 2025 4:21 PM IST

സംസ്ഥാനങ്ങൾക്ക് തന്നെ ജാതി സെൻസസ് നടത്താൻ സുപ്രിംകോടതിയും കേന്ദ്ര സർക്കാറും അനുവാദം നൽകിയിട്ടും ജാതി സെൻസസ് കേന്ദ്രമാണ് നടത്തേണ്ടതെന്ന് പറഞ്ഞ് മാറിനിൽക്കാൻ കഴിയില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു

കോഴിക്കോട്: കേരളത്തിൽ ജാതി സെൻസസ് വൈകുന്നതിൽ വിമർശനവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. ഇന്ത്യാ മുന്നണി ജാതി സെൻസസിന് അനുകൂലമാണ്. കോൺഗ്രസും സിപിഎമ്മും ജാതി സെൻസസ് വേണമെന്ന് പറയുന്നവരാണ്. ബിജെപിയും ആർഎസ്എസും ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ജാതി സെൻസസ് ആവാം എന്ന നിലപാടിലെത്തി. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ജാതി സെൻസസിന് തുടക്കമായി. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും ജാർഖണ്ഡിലും ജാതി സെൻസസ് നടത്തുന്നുണ്ട്. ഇനി കേരളത്തിൽ ജാതി സെൻസസ് നടത്താൻ എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനങ്ങൾക്ക് തന്നെ ജാതി സെൻസസ് നടത്താൻ സുപ്രിംകോടതിയും കേന്ദ്ര സർക്കാറും അനുവാദം നൽകിയിട്ടും ജാതി സെൻസസ് കേന്ദ്രമാണ് നടത്തേണ്ടതെന്ന് പറഞ്ഞ് മാറിനിൽക്കാൻ കഴിയില്ല. സീതാറാം യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറി ആയിരിക്കെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ജാതിസെൻസസ് പാർട്ടി നടപ്പാക്കുമെന്ന് പറയുന്നുണ്ട്. മുന്നാക്ക സംവരണം പാർലമെന്റ് പാസാക്കിയപ്പോൾ സ്ഥിതിവിവര കണക്ക് പോലും ശേഖരിക്കാതെ ധൃതിപിടിച്ച് നടപ്പാക്കിയ സംസ്ഥാനമാണ് ഇടതുപക്ഷ കേരളം. പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിൽ ഇത്ര ആവേശം സർക്കാർ കാണിച്ചിട്ടില്ല.

സംസ്ഥാനത്തെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി വിവരങ്ങൾ പരിശോധിക്കുന്നതിൽ നിന്നും സർക്കാറിനെ ആരാണ് തടയുന്നത്? വിഭവങ്ങളുടെ വിതരണത്തിലും അതിന്റെ ഗുണഭോക്താക്കളാകുന്നതിലും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ സ്ഥാനം എവിടെയാണെന്ന് അറിയുന്നതിന് ആർക്കാണ് ഭയം? ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങൾ അനർഹമായി പലതും നേടുന്നുവെന്നാണല്ലോ വെള്ളാപ്പള്ളി മുതൽ കാസക്കാർ വരെ പറയുന്നത്. അങ്ങനെയെങ്കിൽ അത് കണ്ടത്താനുള്ള അവസരവുമാകും.

അനർഹമായി നേടിയിട്ടുണ്ടെങ്കിൽ സംവരണത്തിലും ആവശ്യമായ പുനക്രമീകരണം നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയല്ലേ? വിഭവങ്ങൾ തുല്യമായി വീതിക്കപ്പെടണം. അതിന് ആർക്ക് എന്തൊക്കെ ലഭിച്ചു, ആർക്കൊക്കെ ലഭിച്ചില്ല എന്ന് അറിഞ്ഞേ തീരൂ. ജാതി സെൻസസ് ഒരു നീതിയാണ്. ആ നീതിയെ തടയുന്നത് ഏത് മുഖംമൂടി ഉപയോഗിച്ചാണെങ്കിലും ചെറുത്ത് തോൽപിക്കപ്പെടണമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.

Similar Posts