< Back
Kerala
Sathar Panthalloor against Shashi tharoor
Kerala

കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം കണക്കാക്കിയാൽ ഇന്നുവരെ നടന്ന മുഴുവൻ ഹർത്താലിന്റെയും നഷ്ടം ഈടാക്കാനാണെന്ന് തോന്നും: സത്താർ പന്തല്ലൂർ

Web Desk
|
24 Jan 2023 2:54 PM IST

പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ലീഗുകാരുടെ സ്വത്ത് കണ്ടുകെട്ടുക, ഹർത്താലിന്റെ ആറു മാസം മുമ്പ് മരണപ്പെട്ട ആളുടെ സ്വത്ത് ജപ്തി ചെയ്യുക തുടങ്ങി അസ്വാഭാവികമായ കാര്യങ്ങളാണ് നടക്കുന്നത്. ഇതിൽ കേരളത്തിലെ ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കണമെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.

മലപ്പുറം: പി.എഫ്.ഐ ഹർത്താലിന്റെ പേരിൽ സ്വത്ത് കണ്ടുകെട്ടുന്നതിന്റെ മറവിൽ അനീതി നടപ്പാക്കരുതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. ഹർത്താലിൽ 5.20 കോടി നഷ്ടമുണ്ടായാതായാണ് കണക്കാക്കുന്നത്. എന്നാൽ ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്ക് പ്രകാരം 236 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതിന് സർക്കാർ നിശ്ചയിച്ച ന്യായവില കണക്കാക്കിയാൽ പോലും കേരളത്തിൽ ഇന്നുവരെ എല്ലാ സംഘടനകളും നടത്തിയ ഹർത്താലിലുണ്ടായ നഷ്ടം ഇവരിൽനിന്ന് ഈടാക്കുകയാണെന്ന് തോന്നിപ്പോവുമെന്നും അദ്ദേഹം പറഞ്ഞു.

പി.എഫ്.ഐ ഹർത്താലിൽ ഉണ്ടായ നഷ്ടം അവരിൽനിന്ന് ഈടാക്കണം എന്നതിൽ തർക്കമില്ല. മറ്റു സംഘടനകളും ഹർത്താലും സമരവും നടത്താറുണ്ട്. അവരിൽനിന്നും നഷ്ടം ഈടാക്കണം. പക്ഷെ, പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ലീഗുകാരുടെ സ്വത്ത് കണ്ടുകെട്ടുക, ഹർത്താലിന്റെ ആറു മാസം മുമ്പ് മരണപ്പെട്ട ആളുടെ സ്വത്ത് ജപ്തി ചെയ്യുക തുടങ്ങി അസ്വാഭാവികമായ കാര്യങ്ങളാണ് നടക്കുന്നത്. ഇതിൽ കേരളത്തിലെ ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കണമെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.

നഷ്ടം ഈടാക്കാനാണെങ്കിൽ അത് കണക്കാക്കി ആവശ്യമായ തുകയാണ് ഈടാക്കേണ്ടത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജപ്തിയിൽ കോടിക്കണത്തിന് രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പോപുലർ ഫ്രണ്ടിന്റെ ആശയങ്ങളെ കേരളത്തിലെ മുസ്‌ലിം സംഘടനകൾ രൂപീകരണകാലം മുതൽ എതിർത്തിട്ടുണ്ട്. നിരോധിക്കപ്പെട്ടെങ്കിലും ഇരവാദമുയർത്തി അത്തരം സംഘടനകൾക്ക് വളരാനുള്ള സൗകര്യമാണ് അന്യായമായ ജപ്തി നടപടികളിലൂടെ സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Posts