< Back
Kerala
മുഖ്യമന്ത്രി ഇന്നലെ എഴുതിവായിച്ചത് എന്താണെന്ന് അദ്ദേഹത്തിനും ഞങ്ങൾക്കും നാട്ടുകാർക്കും മനസിലായില്ല; വി.ഡി സതീശൻ
Kerala

'മുഖ്യമന്ത്രി ഇന്നലെ എഴുതിവായിച്ചത് എന്താണെന്ന് അദ്ദേഹത്തിനും ഞങ്ങൾക്കും നാട്ടുകാർക്കും മനസിലായില്ല'; വി.ഡി സതീശൻ

Web Desk
|
19 Jun 2025 12:00 PM IST

'ഹിന്ദു'വിൽ ഇന്റർവ്യൂ കൊടുത്ത് മലപ്പുറം പരാമർശം നടത്തിയത് യജമാനന്മാരെ സന്തോഷിപ്പിക്കാനാണെന്നും സതീശന്‍

തൃശൂർ: സിപിഎം ആർഎസ്എസ് ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി ഇന്നലെ എന്താണ് എഴുതിവായിച്ചത് അദ്ദേഹത്തിനും ഞങ്ങൾക്കും നാട്ടുകാർക്കും മനസിലായില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.

'സിപിഎം ആർഎസ്എസ് ബന്ധം ഉണ്ടായിരുന്നു എന്നുള്ളത്എല്ലാവർക്കും അറിയുന്ന കാര്യമാണ്. 75ലും 67 ലും 89ലും ആർഎസ്.എസും സിപിഎമ്മും ബന്ധമുണ്ടായിരുന്നു. ഒരു ബന്ധവും ഇല്ലെങ്കിൽ രാജീവ് ഗാന്ധിക്കെതിരെ 1989ൽ എങ്ങനെ ഒരുമിച്ച് പ്രചാരണം നടത്തി?. 84 ൽ രണ്ട് സീറ്റ് മാത്രം കിട്ടിയ ബിജെപിയെ വളർത്തി വളർത്തി ഇന്ത്യയിലെ ഭരണകക്ഷിയാക്കി മാറ്റാൻ ഇടത് പക്ഷം കൂട്ടുനിന്നിട്ടുണ്ട്.'- സതീശന്‍ പറഞ്ഞു.

ഡൽഹിയിലുള്ളവരെ സിപിഎമ്മിന് പേടിയാണ്, 'ഹിന്ദു'വിൽ ഇന്റർവ്യൂ കൊടുത്ത് മലപ്പുറം പരാമർശം നടത്തിയത് യജമാനന്മാരെ സന്തോഷിപ്പിക്കാനാണ്. നിതിൻ ഗഡ്കരിയെ സമ്മാനപ്പെട്ടിയും പൊന്നാടയും കൊണ്ടാണ് മുഖ്യമന്ത്രി കണ്ടത്.ദേശീയ പാത തകര്‍ന്നതിനാണോ ഈ സമ്മാനം കൊടുത്തതെന്നും വി.ഡി.സതീശൻ ചോദിച്ചു.

മുണ്ടൂരിലെ കാട്ടാന ആക്രമണത്തിൽ 61-കാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാറിനെതിരെയും സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. നാട്ടിൽ സർക്കാരില്ലെന്നും മലയോരജനതയെ വിധിക്ക് വിട്ടു കൊടുത്തിരിക്കുന്നുവെന്നും ഇതിനെതിരായ ഒരു വിധിയെഴുത്ത് കൂടിയാവും നിലമ്പൂരിലേതെന്നും, വി.ഡി സതീശൻ പറഞ്ഞു.

ആർഎസ്എസ് ബന്ധം സംബന്ധിച്ച പരാമർശത്തിൽ എം.വി ഗോവിന്ദനെ തിരുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ബുധനാഴ്ച സംസാരിച്ചത്. സിപിഎം തങ്ങളുടെ രാഷ്ട്രീയം എവിടെയും തുറന്നുപറയാറുണ്ട്. അത് എവിടെയും മറച്ചുവെക്കാറില്ല. തലകുനിക്കാതെ രാഷ്ട്രീയം പറയാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Similar Posts