< Back
Kerala
പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് കടുവകുഞ്ഞുങ്ങള്‍ എന്ന പേരില്‍ വില്‍പ്പന തട്ടിപ്പ്: പ്രതി അറസ്റ്റില്‍
Kerala

പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് കടുവകുഞ്ഞുങ്ങള്‍ എന്ന പേരില്‍ വില്‍പ്പന തട്ടിപ്പ്: പ്രതി അറസ്റ്റില്‍

ijas
|
8 Sept 2022 10:48 AM IST

മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നായിരുന്നു പരസ്യം

മറയൂര്‍: പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് കടുവകുഞ്ഞുങ്ങള്‍ എന്ന പേരില്‍ വില്‍പ്പന തട്ടിപ്പ് നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവണ്ണാമല ആരണ സ്വദേശി പാര്‍ഥിപന്‍(24) ആണ് വനം വകുപ്പിന്‍റെ പിടിയിലായത്. വാട്ട്സ് ആപ്പ് വഴിയാണ് പാര്‍ഥിപന്‍ കടുവകുഞ്ഞുങ്ങളെ വില്‍ക്കുന്നതായിട്ടുള്ള അറിയിപ്പ് പ്രചരിപ്പിച്ചിരുന്നത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലാണ് യുവാവ് തട്ടിപ്പിന് ശ്രമം നടത്തിയത്.

മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് സ്റ്റീല്‍ പാത്രത്തില്‍ ആഹാരം നല്‍കുന്ന ചിത്രത്തോടെയാണ് പാര്‍ഥിപന്‍ വാട്ട്സ് ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ചത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നല്‍കിയാല്‍ പത്ത് ദിവസത്തിനകം എത്തിച്ചുനല്‍കാമെന്നും അറിയിപ്പ് നല്‍കുകയായിരുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് പ്രതിയുടെ വീടും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വന്യമൃഗങ്ങളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വൈകാതെ തന്നെ പാര്‍ഥിപന്‍ ഒളിവില്‍ പോയി. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്നാണ് പാര്‍ഥിപന്‍ അറസ്റ്റിലാകുന്നത്.

അമ്പത്തൂര്‍ സ്വദേശിയായ സുഹൃത്തില്‍ നിന്നാണ് കടുവക്കുഞ്ഞുങ്ങളുടെ ചിത്രം ലഭിച്ചതെന്നും കടുവക്കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്നവര്‍ക്ക് പൂച്ചക്കുട്ടികളെ നിറമടിച്ചു വില്‍പ്പന നടത്താനായിരുന്നു ആലോചനയെന്നും പ്രതി മൊഴി നല്‍കിയതായി വനം വകുപ്പ് പറഞ്ഞു.

Related Tags :
Similar Posts