< Back
Kerala
വിദ്യാലയങ്ങളില്‍ സുരക്ഷാ ഓഫീസറായി ഒരു അധ്യാപകനെ നിയോഗിക്കണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡിജിപി
Kerala

'വിദ്യാലയങ്ങളില്‍ സുരക്ഷാ ഓഫീസറായി ഒരു അധ്യാപകനെ നിയോഗിക്കണം'; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡിജിപി

Web Desk
|
24 Sept 2021 9:15 PM IST

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഡിജിപി അനില്‍കാന്ത് പുറത്തിറക്കിയത്

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഡിജിപി അനില്‍കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എസ്എച്ച്ഒമാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചുചേര്‍ക്കണം. സ്‌കൂള്‍ ബസുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കണം. എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സുരക്ഷാ ഓഫീസറായി നിയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ മാനേജ്‌മെന്റുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമത ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ ഒക്ടോബര്‍ 20നുമുമ്പ് പൂര്‍ത്തിയാക്കണം.

പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ളവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ. ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായവും തേടേണ്ടതാണ്. വാഹനങ്ങളില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്യാന്‍ അനുവദിക്കൂ.

എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്ഥിരമായി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ എല്ലാ ദിവസവും നിര്‍ദേശങ്ങള്‍ വിലയിരുത്തണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

Related Tags :
Similar Posts