
സംസ്ഥാന സ്കൂൾ കായികമേള: ഓവറോൾ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം
|അത്ലറ്റിക്സിൽ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം. അത്ലറ്റിക്സിൽ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ജില്ലകളിൽ പാലക്കാടും മലപ്പുറവുമാണ് മുന്നിട്ടു നിൽക്കുന്നത്. സ്കൂളുകളിൽ പുല്ലൂരാംപാറയെ മറികടന്ന് ഒരു പോയിന്റ് ലീഡിൽ നിലവിലെ ചാമ്പ്യന്മാരായ ഐഡിയൽ കടകശ്ശേരി ഒന്നാമതെത്തി.
1491 പോയിൻ്റുമായി 721 പോയിൻ്റുള്ള തൃശൂരിനെക്കാൾ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. മൂന്നാമതുള്ള പാലക്കാടിന് 623 പോയിൻ്റുമാണുള്ളത്. അത്‌ലറ്റിക്സ് മത്സരങ്ങളിലെ മികവാണ് പാലക്കാടിനെ മൂന്നാമത് എത്തിച്ചത്. അത്ലറ്റിക്സിൽ പാലക്കാടാണ് ഒന്നാമത്. 16 സ്വർണമടക്കം 134 പോയിൻ്റാണ് പാലക്കാട് നേടിയത്. 12 സ്വർണമടക്കം 128 പോയിൻ്റാണ് രണ്ടാമതുള്ള മലപ്പുറം സ്വന്തമാക്കിയത്. സ്കൂളുകളിൽ 38 പോയിൻ്റുമായി നാവാമുകുന്ദ തിരുനാവായയാണ് മൂന്നാമത്. സ്പോർട്സ് ഹോസ്റ്റലുകളിൽ ജി. വി രാജയാണ് ഒന്നാമത്. ഉച്ചയ്ക്ക് ശേഷം 17 ഫൈനലുകൾ നടക്കും.
ഗെയിംസിലും അത്ലറ്റിക്സിലും മികവാർന്ന പ്രകടനം കാഴ്ച വെച്ചതോടെയാണ് തിരുവനന്തപുരം എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് പോയിന്റ്പട്ടികയിൽ മുന്നോട്ട് കുതിച്ചത്. സമയക്കുറവ് മൂലം ഇന്നലെ മാറ്റിവെച്ച ത്രോ മത്സരങ്ങളും ഫുട്ബോളിന്റെ ഫൈനലും ഇന്ന് നടക്കും. ഇന്ന് നടക്കാനിരിക്കുന്ന കലാശപ്പോരിൽ മലപ്പുറവും കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടും. കളരിപ്പയറ്റ് മത്സരങ്ങൾക്കും ഇന്ന് തുടക്കമാകും.