< Back
Kerala
ബാഗെടുത്തോ...സ്കൂളില്‍ പോകാം...;വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും
Kerala

ബാഗെടുത്തോ...സ്കൂളില്‍ പോകാം...;വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

Web Desk
|
2 Jun 2025 6:16 AM IST

ഒന്നാം ക്ലാസിലെത്തുന്നത് മൂന്ന് ലക്ഷത്തിലേറെ നവാഗതർ

തിരുവനന്തപുരം: വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിൽ നവാഗതരായെത്തും.

സ്കൂൾ തുറക്കൽ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുത്തൻ പരിഷ്കാരങ്ങൾ ഇത്തവണത്തെ അധ്യയന വർഷത്തിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു..

കാലാവസ്ഥ പ്രതികൂലമാണെങ്കിലും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്കൂളിലെത്തും. കാലവർഷം തകർത്തു പെയ്താൽ സ്കൂൾ തുറക്കൽ മാറ്റിവെക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും മഴ തെല്ലൊന്നു മാറിയത് കുട്ടികൾക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. ഇക്കുറി ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനോത്സവം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഏകദേശം നാൽപത് ലക്ഷത്തിലധികം കുട്ടികൾ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളിൽ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അരമണിക്കൂലധികം ക്ലാസുകൾ നടത്തുന്ന രീതിയിലായിരിക്കും അധ്യയനം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകൾ.

ഒന്നാം ക്ലാസിൽ പരീക്ഷ നടത്തുന്നത് ഇത്തവണ മുതൽ ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയ ഓൾ പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയിൽ 30% മാർക്ക് ഇല്ലാത്തവർക്ക് ക്ലാസ് കയറ്റം നൽകേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. തോൽക്കുന്നവർക്ക് പഠന പിന്തുണ ഉറപ്പാക്കി പുനപരീക്ഷ നടത്തും. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയ്ക്കെതിരെ ബോധവൽക്കരണമായിരിക്കും സ്കൂളുകളിൽ നടത്തുക.


Similar Posts