< Back
Kerala
21 മുതല്‍ സ്‌കൂളുകൾ അടക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്റര്‍ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടും
Kerala

21 മുതല്‍ സ്‌കൂളുകൾ അടക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്റര്‍ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടും

Web Desk
|
14 Jan 2022 4:23 PM IST

പത്ത്, പതിനൊന്ന്, പന്ത്രണ്ട് തരക്കാര്‍ക്ക് 21നുശേഷവും സ്കൂളുകളില്‍ തന്നെ ക്ലാസ് തുടരും

ഒമിക്രോൺ ഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണവുമായി സംസ്ഥാനം. ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനം. ഈ മാസം 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് ഈ ക്ലാസുകൾ ഓൺലൈൻ മാത്രമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകന യോഗത്തിനു ശേഷം അറിയിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിയിക്കും.

ഒൻപതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്നാണ് കോവിഡ് അവലോകന യോഗം തീരുമാനിച്ചത്. ഫെബ്രുവരി രണ്ടാംവാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്‌സിൻ സ്‌കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഇടവേളയ്ക്കുശേഷമാണ് സ്‌കൂളുകൾ വീണ്ടും അടയ്ക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ മാത്രമായിരിക്കും ഇനിമുതൽ സ്‌കൂളുകളിൽ ഓഫ്‌ലൈനായി പ്രവർത്തിക്കുക. ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായായിരിക്കും ക്ലാസ് നടക്കുക. 21 വരെ സ്‌കൂളുകൾ പ്രവർത്തിക്കും. ഇതിനുശേഷമായിരിക്കും അടക്കുക.

നേരത്തെ സ്‌കൂളുകൾ പൂർണമായും അടച്ചിടേണ്ടതില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. പത്തുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ സ്‌കൂളുകളിൽ തന്നെ തുടരാനായിരുന്നു തീരുമാനം. ഇതിന് യോഗം അംഗീകാരം നൽകുകയായിരുന്നു. 15 വയസിനു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകിയതുകൊണ്ടാണ് പത്താം ക്ലാസ് മുതലുള്ളവർക്ക് സ്‌കൂളിൽതന്നെ ക്ലാസ് തുടരാൻ തീരുമാനിച്ചത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖ തയാറാക്കും. മാർഗരേഖ തിങ്കളാഴ്ച പുറത്തിറക്കും.

Similar Posts