< Back
Kerala
എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും: ചെളി തെറിപ്പിച്ചതിന് ചെളികൊണ്ട്  മറുപടി കൊടുത്ത് സ്‌കൂട്ടർ യാത്രക്കാരൻ
Kerala

'എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും': ചെളി തെറിപ്പിച്ചതിന് ചെളികൊണ്ട് മറുപടി കൊടുത്ത് സ്‌കൂട്ടർ യാത്രക്കാരൻ

Web Desk
|
24 Sept 2025 1:04 PM IST

കാറിന്റെ മുന്നിലും പിന്നിലും സ്കൂട്ടര്‍ യാത്രക്കാരന്‍ ചെളിവാരി വിതറുന്നതാണ് വീഡിയോയിലുള്ളത്

ആലപ്പുഴ: സ്‌കൂട്ടറിൽ പോകവെ ചെളി തെറിപ്പിച്ചതിന് ചെളി കൊണ്ട് തന്നെ പ്രതികാരം. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ പാതയിൽ ചന്തിരൂർ ഭാഗത്താണ് ഒരപൂർവ പ്രതികാരം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിലവിലെ ദേശീപാതയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചയാളുടെ ശരീരത്തില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍, ചെളിവെള്ളം തെറിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സ്കൂട്ടര്‍ യാത്രക്കാരന്‍ കാറിന് പുറകെ വിട്ട്, കുറുകെ നിര്‍ത്തുകയായിരുന്നു. ഇതോടെ കാര്‍, പാതയോരത്തേക്ക് ഒതുക്കി. പിന്നാലെയാണ് ഇയാളുടെ പ്രതികാര നടപടി ആരംഭിച്ചത്. കാറിന്റെ മുന്നിലും പിന്നിലും ഇയാള്‍ അവിടെ നിന്നും ചെളിവാരി വിതറുന്നതാണ് വീഡിയോയിലുള്ളത്. ഹെല്‍മറ്റ് ധരിച്ചതിനാല്‍ സ്കൂട്ടര്‍ യാത്രക്കാരന്റെ മുഖം വ്യക്തമല്ല.

അതേസമയം കാറുകാരന്‍ ഇദ്ദേഹത്തിന്റെ പ്രകോപന നടപടികളോട് പ്രതികരിക്കുന്നതും കാണാം. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം കാര്‍ പിന്നോട്ടെടുത്ത് പോകുകയായിരുന്നു. ഈ സമയം അതുവഴി കാറില്‍ കടന്നുപോയ വ്യക്തിയാണ് വീഡിയോ പകര്‍ത്തിയത്. അതേസമയം സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചെയ്തതിനെ ന്യായീകരിച്ചും എതിര്‍ത്തുമൊക്കെ സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുന്നുണ്ട്.

പണി ചെളിവെള്ളത്തിലും നല്‍കാമെന്നും എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നതുള്‍പ്പെടെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. അതേസമയം സ്കൂട്ടര്‍ യാത്രക്കാരന്റെ പെരുമാറ്റം പരിധി വിട്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

Watch Video Report


Related Tags :
Similar Posts