< Back
Kerala
മഞ്ചേശ്വരത്ത് എസ്ഡിപിഐ   സ്ഥാനാർഥിയെ നിർത്തിയതിനെ ചൊല്ലി   വിവാദം; ബിജെപിയെ സഹായിക്കാനെന്ന്     ആരോപണം
Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയതിനെ ചൊല്ലി വിവാദം; ബിജെപിയെ സഹായിക്കാനെന്ന് ആരോപണം

Web Desk
|
23 March 2026 12:27 PM IST

യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ എ.കെ.എം അഷ്റഫിന്റെ പേരിനോട് സാദൃശ്യമുള്ള അഷ്റഫ് കെ.എമ്മിനെയാണ് എസ്ഡിപിഐ സ്ഥാനാർഥിയാക്കിയത്

കാസര്‍കോട്: യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയതിനെ ചൊല്ലി വിവാദം.

യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ എ.കെ.എം അഷ്റഫിന്റെ പേരിനോട് സാദൃശ്യമുള്ള അഷ്റഫ് കെ.എമ്മിനെയാണ് എസ്ഡിപിഐ സ്ഥാനാർഥിയാക്കിയത്. ഇത് ബിജെപിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് യുഡിഎഫുയർത്തുന്നത്. നേരിയ വോട്ടു വ്യത്യാസത്തിലാണ് രണ്ട് തവണയും ഇവിടെ ബിജെപി പരാജയപ്പെട്ടത്.

എസ്‌ഡിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ച അഷ്റഫ് കെ.എം, സംഘടന സാമൂഹ്യ പ്രവർത്തന മേഖലകളിൽ അഷ്റഫ് ബഡാജെ എന്നാണ് അറിയപ്പെടുന്നത്. ഈ പേര് ഒഴിവാക്കി അഷ്റഫ് കെ.എം എന്ന പേരിലാണ് ഇപ്പോൾ പ്രചാരണം. എന്നാല്‍ രേഖകളിലുള്ള യഥാർത്ഥ പേരാണ് ഉപയോഗിക്കുന്നതെന്നാണ് അഷ്റഫ് പറയുന്നത്.

എസ്‌ഡിപിഐയുടെ കാസർകോട് ജില്ലാ കൗൺസിൽ അംഗമാണ് അഷ്റഫ് ബഡാജെ. ഈ പേര് ഒഴിവാക്കി അഷ്റഫ് കെ.എം എന്ന പേരിൽ മത്സരത്തിനിറങ്ങുന്നതിൽ ദുരൂഹത ഉണ്ടെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. അതേസമയം ബിജെപി വിരുദ്ധ വോട്ടുകൾ യുഡിഎഫിനും എൽഡിഎഫിനും എസ്‌ഡിപിഐക്കുമായി ഭിന്നിക്കുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഭൂരിപക്ഷ വോട്ടുകളുടെ പൂർണമായ ഏകീകരണത്തിനാണ് ഇത്തവണ ബിജെപി ശ്രമിക്കുന്നത്.

ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കുകയും മറ്റു വോട്ടുകൾ ഏകീകരിക്കാനുമായാൽ അട്ടിമറി സാധ്യമാണെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

Watch Video Report


Similar Posts