< Back
Kerala

Kerala
ശ്രീനിവാസൻ വധക്കേസ്: എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് അറസ്റ്റിൽ
|26 Oct 2022 7:48 PM IST
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിൽ. സംസ്ഥാന കമ്മറ്റിയംഗം എസ്.പി അമീർ അലിയാണ് അറസ്റ്റിലായത്.
ഗൂഢാലോചന കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. കേസിൽ സെപ്തംബർ 19ന് പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് അറസ്റ്റിലായിരുന്നു.
ഏപ്രിൽ 16നാണ് ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.