< Back
Kerala
എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം.കെ ഫൈസിക്ക് ജാമ്യം
Kerala

എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം.കെ ഫൈസിക്ക് ജാമ്യം

Web Desk
|
16 Feb 2026 10:57 AM IST

ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്

ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം.കെ ഫൈസിക്ക് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയുന്ന ഫൈസിയെ കഴിഞ്ഞ ജനുവരിയിൽ എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. 10 മാസത്തിലധികമായി തിഹാര്‍ ജയിലിൽ കഴിയുകയാണ് ഫൈസി.

നിരോധിത മുസ്‌ലിം സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയാണ് 2025 മാർച്ചിൽ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദേഹത്തെ കസ്റ്റഡിയിലെടുത്തത്.

മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ, അഭിഭാഷകരായ രജത് ഭരദ്വാജ്, അങ്കിത എം ഭരദ്വാജ്, ദുഷ്യന്ത് ചൗധരി, മുഹമ്മദ് ഫിയാസ്, വിശ്വജീത് സിംഗ്, സിദ്ധാർഥ് സിങ് എന്നിവരാണ് എംകെ ഫൈസിക്ക് വേണ്ടി ഹാജരായത്. ഇഡിയുടെ പ്രത്യേക അഭിഭാഷകൻ സുഹൈബ് ഹുസൈൻ, പാനൽ കൗൺസൽ വിവേക് ​​ഗുമാനി, അഭിഭാഷകരായ പ്രഞ്ജൽ ത്രിപാഠി, കാർത്തിക് സബർവാൾ, കനിഷ്‌ക് മൗര്യ എന്നിവരും ഹാജരായി.

പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസുകളില്‍ നേരത്തെ പലർക്കും ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡൻ്റ് പര്‍വേസ് അഹമ്മദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്‍യാസ്, ഓഫിസ് സെക്രട്ടറിയായിരുന്ന അബ്ദുല്‍ മുഖീത്ത് എന്നിവര്‍ക്ക് ജാമ്യം നൽകവെയാണ് ജസ്റ്റിസ് ജസ്മീത് സിങിന്റെ പരാമർശം.


Similar Posts