< Back
Kerala
എസ്ഡിപിഐയുടെ മുഖ്യശത്രു മുസ്‌ലിം ലീഗ്, സംരക്ഷിക്കുന്നത് സിപിഎം: പി.എം.എ സലാം
Kerala

എസ്ഡിപിഐയുടെ മുഖ്യശത്രു മുസ്‌ലിം ലീഗ്, സംരക്ഷിക്കുന്നത് സിപിഎം: പി.എം.എ സലാം

Web Desk
|
24 Sept 2022 11:43 AM IST

ഇത്തരം സംഘടനകൾ വന്നതെല്ലാം ലീഗിനെ എതിർക്കാനാണ് അവരെ രഹസ്യമായും,പരസ്യമായും പിന്തുണക്കുകയാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മലപ്പുറം: എസ്ഡിപിഐയുടെ മുഖ്യശത്രു മുസ്‌ലിം ലീഗാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സിപിഎം എസ്ഡിപിഐ ബന്ധം മറച്ചു വെക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ആ ബന്ധം മറയ്ക്കാൻ മുസ്‌ലിം ലീഗിന്റെ മെക്കിട്ട് കയറേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഘടനകൾ വന്നതെല്ലാം ലീഗിനെ എതിർക്കാനാണ് അവരെ രഹസ്യമായും,പരസ്യമായും പിന്തുണക്കുകയാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എസ്ഡിപിഐ സിപിഎം ധാരണയുണ്ട്. സിപിഎം എസ്ഡിപിഐ ധാരണ അറിയുന്നത് കൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പിഎഫ്‌ഐ കേന്ദ്രങ്ങളിൽ റൈഡ് കേരള പോലീസിനെ അറിയിക്കാതിരുന്നതെന്നും സലാം പറഞ്ഞു.

പോപുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'അക്രമം പോപ്പുലർ ഫ്രണ്ടിന്റെ കുലത്തൊഴിലാണെന്നും അക്രമം നടത്തി പോപ്പുലർ ആകാനാണ് പോപുലർ ഫ്രണ്ട് ശ്രമിക്കുന്നതെന് എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭീകരവാദ പ്രവർത്തനമാണ് ഇവർ നടത്തുന്നത്. കൊലപാതക രാഷ്ട്രീയം അവരുടെ പ്രവർത്തന പരിപാടികളിലൊന്നാണ്. ഭീകരപ്രവർത്തനത്തിന്റെ പേരിലാണ് എൻ ഐ എ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ എന്ന കവചം ഉപയോഗിച്ച് നാടെങ്ങും തീവ്രവാദ പ്രവർത്തനമാണ് നടത്തുന്നതെന്ന് ആർക്കാണ് അറിയാത്തത്. ഈ ഹർത്താൽ ജന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts