< Back
Kerala
Search in UDF leaders vehicle
Kerala

യുഡിഎഫ് നേതാക്കളുടെ പെട്ടി പരിശോധിച്ച് പൊലീസ്; ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനത്തിലാണ് പരിശോധന

Web Desk
|
14 Jun 2025 8:21 AM IST

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ നീലപ്പെട്ടിയിൽ പണം കൊണ്ടുവന്നു എന്ന ആരോപണവും പരിശോധനയും വലിയ വിവാദമായിരുന്നു.

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ പൊലീസ് പരിശോധന. ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പി.കെ ഫിറോസ് എന്നിവരുണ്ടായിരുന്ന വാഹനത്തിലായിരുന്നു പരിശോധന. വാഹനത്തിലുണ്ടായിരുന്ന നേതാക്കളുടെ സ്യൂട്ട്‌കെയ്‌സ് തുറന്ന് പൊലീസ് പരിശോധിച്ചു. ഇന്നലെ രാത്രി വടപുറത്ത് വെച്ചാണ് വാഹനം തടഞ്ഞ് പൊലീസ് പരിശോധന നടത്തിയത്.

തങ്ങളുടെ വാഹനങ്ങളിൽ മാത്രമാണ് പരിശോധന നടത്തിയത് എന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. തങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് പരിശോധിക്കുന്നു എന്ന് ആരോപിച്ച് പൊലീസിനോട് രൂക്ഷമായ ഭാഷയിലാണ് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പ്രതികരിച്ചത്. എന്നാൽ സ്വാഭാവികമായ പരിശോധനയാണ് നടന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. പെട്ടി പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞു.പരിശോധനയോട് പൂർണമായി സഹകരിച്ചു, എന്നാൽ പുറത്തുവെച്ച പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാൻ പറഞ്ഞപ്പോഴാണ് പ്രതികരിച്ചതെന്നും ഷാഫി പറഞ്ഞു.

പെട്ടിപരിശോധന മനഃപൂർവമായ അവഹേളനമാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. അധികാരത്തിന്‍റെ ദുർവിനിയോഗമാണിത്. പാലക്കാടിന്‍റെ തനിയാവർത്തനമാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. എതിരാളികളെ ഒതുക്കാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അതേരീതിയാണ് സംസ്ഥാന സർക്കാരിന്‍റേതെതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ നീലപ്പെട്ടിയിൽ പണം കൊണ്ടുവന്നു എന്ന ആരോപണവും പരിശോധനയും വലിയ വിവാദമായിരുന്നു. യുഡിഎഫ് നേതാക്കൾ താമസിക്കുന്ന റൂമുകളിലെത്തി പൊലീസ് പരിശോധിക്കുകയും യുഡിഎഫ് നേതാക്കൾ ഇത് ചോദ്യം ചെയ്തതോടെ പാലക്കാട് തെരഞ്ഞെടുപ്പിൽ പെട്ടി വലിയ ചർച്ചയായിരുന്നു.



Similar Posts