< Back
Kerala
വിജയ് ബാബുവിനായി തെരച്ചിൽ ഊർജിതം;  ലുക്ക്ഔട്ട് സർക്കുലർ ഉടൻ
Kerala

വിജയ് ബാബുവിനായി തെരച്ചിൽ ഊർജിതം; ലുക്ക്ഔട്ട് സർക്കുലർ ഉടൻ

Web Desk
|
28 April 2022 6:30 AM IST

അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി

കൊച്ചി: പീഡനക്കേസിൽ പ്രതിയായ നിർമാതാവ് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. പ്രതിക്കായി വിമാനത്താവളങ്ങളിൽ അടക്കം ഉടൻ ലുക്ക്‌ഔട്ട്‌ സർക്കുലർ നൽകും .

ഈ മാസം 22നാണ് നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക്‌ ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നൽകിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാൽസംഗ കുറ്റമടക്കം രണ്ടു കേസുകളായി.

ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വിജയ് ബാബു രാജ്യം വിട്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. വിജയ് ബാബു ആണോ ഫേസ്ബുക്ക്‌ ആണോ വീഡിയോ പിൻവലിച്ചത് എന്ന് വ്യക്തമല്ല. ബലാൽസംഗ കേസിൽ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Similar Posts