
ഇടുക്കി ജില്ലാ ബിജെപിയിൽ വിഭാഗീയത രൂക്ഷം; കൂട്ടരാജിക്കൊരുങ്ങി ഒരുപക്ഷം പ്രവര്‍ത്തകര്‍
|നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ നേതൃത്വത്തിൽ നടത്തിയ അഴിച്ചു പണിയാണ് നേതാക്കളെ രണ്ടുതട്ടിലാക്കിയത്
ഇടുക്കി: ഇടുക്കി ജില്ലാ ബിജെപിയിൽ വിഭാഗീയത രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ നേതൃത്വത്തിൽ നടത്തിയ അഴിച്ചു പണിയാണ് നേതാക്കളെ രണ്ടുതട്ടിലാക്കിയത്. സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കിൽ ജില്ലയിൽ കൂട്ട രാജിക്ക് ഒരുങ്ങുകയാണ് ഒരു പക്ഷം പ്രവർത്തകർ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. സംസ്ഥാന നേതൃത്വത്തിന് തിരഞ്ഞെടുപ്പിന് മുൻപ് ലഭിച്ച കണക്കും തെരഞ്ഞെടുപ്പ് ഫലം തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ഇതോടെയാണ് ജില്ലയിലെ സംഘടന തലപ്പത്ത് അഴിച്ചുപണി നടന്നത്. നോർത്ത് ജില്ലാ പ്രസിഡൻറ് പി.പി സാനുവിനെ മാറ്റി ശ്രീവിദ്യാ രാജേഷിനെ ചുമതല നൽകി. പിന്നാലെ വിമതനീക്കം ശക്തമായി.
പഴയ പ്രസിഡന്‍റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിക്കുന്നതനുള്ള ഉത്തരം തന്നെ ചുമതലയിൽ നിന്ന് മാറ്റിയത് ജനാധിപത്യ മര്യാദകൾ പായിക്കാതെ ആണെന്നാണ് പി പി സാനുവിന്റെ അഭിപ്രായം. എന്നാൽ തെരഞ്ഞെടുപ്പ് തിരിച്ചടിയാണ് കാരണമെന്ന് മറുവിഭാഗം പറയുന്നു. വരുന്ന ദിവസം സംസ്ഥാന പ്രസിഡന്‍റ് ജില്ലാ സന്ദർശിക്കാൻ ഇരിക്കെയാണ് സംഘടനാ പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. വിമതപക്ഷത്തെ അനുനയിപ്പിക്കാൻ നേതൃത്വം ഇടപെട്ടില്ലെങ്കിൽ ഇടുക്കി ബിജെപിയിൽ കൂട്ടരാജി ഉണ്ടായേക്കും.