< Back
Kerala
കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; എറണാകുളത്ത് ഇരുപത് മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേസ്
Kerala

കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; എറണാകുളത്ത് ഇരുപത് മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേസ്

Web Desk
|
28 May 2021 5:16 PM IST

വരും ദിവസങ്ങളിലും പരിശോധന തുടരും, അമിതവില ഈടാക്കിയാൽ അറസ്റ്റുൾപ്പെടെ നടപടിയുണ്ടാകുമെന്നും പൊലീസ്.

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കൂടിയ വിലയ്ക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ വിറ്റതിന് എറണാകുളം റൂറൽ ജില്ലയിൽ ഇരുപത് മെഡിക്കൽ സ്റ്റോറുകൾക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ടീമായി തിരിഞ്ഞ് പരിശോധന നടത്തിയത്.

കോതമംഗലം, പറവൂർ, അങ്കമാലി, പറവൂർ, മുവാറ്റുപുഴ, ഊന്നുകൽ, കല്ലൂർക്കാട്, പോത്താനിക്കാട്, പെരുമ്പാവൂർ, കൂത്താട്ടുകുളം, പുത്തൻകുരിശ് , ഞാറക്കൽ തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ മെഡിക്കൽ ഷോപ്പുകളിലാണ് അമിതവില ഈടാക്കിയത്. കോവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ മാസക്ക്, സാനിറ്റൈസർ തുടങ്ങി പ്രതിരോധ ഉപകരണങ്ങളെ സർക്കാർ അവശ്യ വിഭാഗത്തില്‍ ഉൾപ്പെടുത്തി പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്.

പിപിഇ കിറ്റുകൾ- 328, എന്‍ 95 മാസ്ക് - 26, ട്രിപ്പിൾ ലെയർ മാസ്ക് - 5, ഫേയിസ് ഷീൽഡ് - 25, ആപ്രോൺ (ഡിസ്പോസിബിൾ) - 14,സർജിക്കൽ ഗൗൺ - 78, എക്സാമിനേഷൻ ഗ്ലൌസ് (നമ്പർ) - 7, സ്റ്റെറൈൽ ഗ്ലൌസ് (ജോഡി) - 18, ഹാൻഡ് സാനിറ്റൈസർ (500 മില്ലി) - 230, ഹാൻഡ് സാനിറ്റൈസർ (200 മില്ലി) - 118, ഹാൻഡ് സാനിറ്റൈസർ (100 മില്ലി) - 66, എന്‍.ആര്‍.ബി മാസ്ക് - 96, ഓക്സിജൻ മാസ്ക് - 65, ഹ്യുമിഡിഫയർ ഉള്ള ഫ്ലോമീറ്റർ - 1824, ഫിംഗർ ടിപ്പ് പൾസ് ഓക്സിമീറ്റർ - 1800 എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള പരമാവധി നിരക്ക്.

പല ഷോപ്പുകളിലും നിശ്ചയിച്ച വിലയേക്കാൾ കൂടുതലാണ് ഈടാക്കുന്നതെന്ന് പരാതി ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, അമിതവില ഈടാക്കിയാൽ അറസ്റ്റുൾപ്പടെ നടപടിയുണ്ടാകുമെന്നും എസ്.പി കാർത്തിക്ക് പറഞ്ഞു.

അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയില്‍ 285 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 67 പേരെ അറസ്റ്റു ചെയ്തു. 623 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്ക്ക് ധരിക്കാത്തതിന് 915 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 1326 പേർക്കെതിരെയും നടപടിയെടുത്തു.

Related Tags :
Similar Posts