< Back
Kerala
മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു
Kerala

മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

Web Desk
|
27 March 2022 1:09 PM IST

ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു എ സഹദേവന്‍

മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 71 വയസ്സായിരുന്നു. ഇന്ത്യാവിഷനിലും മാതൃഭൂമിയിലും പ്രവർത്തിച്ചിട്ടുണ്ട്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി.

1982ലാണ് എ സഹദേവന്‍ മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ജോലിയില്‍ പ്രവേശിച്ചത്. ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകൾ വഹിച്ചു. 2003ൽ ഇന്ത്യാവിഷൻ തുടങ്ങുമ്പോൾ പ്രോഗ്രാം കൺസൽട്ടന്റായി ദൃശ്യമാധ്യമരംഗത്തെത്തി. ഇന്ത്യാവിഷനിലെ 24 ഫ്രെയിംസ് എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. കലാമൂല്യമുള്ള വിദേശ സിനിമകളെ നിരൂപണം ചെയ്യുന്ന പംക്തിയായിരുന്നു അത്.

ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും എ സഹദേവന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ പ്രഫസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

1996ലെ പാമ്പൻ മാധവൻ പുരസ്കാരം ലഭിച്ചു. 2010ലെ സംസ്ഥാന ടെലിവിഷൻ അവാർഡും ടെലിവിഷൻ ചേംബറിന്റെ അവാർഡും അദ്ദേഹത്തെ തേടിയെത്തി. കാണാതായ കഥകൾ എന്ന ചെറുകഥാ സമാഹാരം പുറത്തിറക്കി. കോഴിക്കോട് ചെങ്കളത്ത് പുഷ്പയാണ് ഭാര്യ. മകൾ- ചാരുലേഖ.

Similar Posts