< Back
Kerala
മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു
Kerala

മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു

Web Desk
|
2 Jan 2025 5:42 PM IST

2012ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു

തിരുവനന്തപുരം: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ്. ജയചന്ദ്രന്‍ നായര്‍ (85) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം.‌

ഷാജി കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ രചയിതാവാണ്. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികള്‍'ക്ക് 2012ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജി. അരവിന്ദനെക്കുറിച്ചുള്ള 'മൗനപ്രാര്‍ഥന പോലെ' എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ഷാജി കരുണിന്റെ സിനിമകളെക്കുറിച്ചുള്ള പഠനമായ 'ഏകാന്ത ദീപ്തി'യാണ് അവസാന കൃതി.

കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 'കാഴ്ചയുടെ സത്യം' എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം രേഖപ്പെടുത്തി. 'സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് എസ് ജയചന്ദ്രൻ നായർ. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടർന്നു നിന്നതാണ് അദ്ദേഹത്തിൻ്റെ പതിറ്റാണ്ടുകൾ വ്യാപ്തിയുള്ള ജീവിതം. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്'-മുഖ്യമന്ത്രി പറഞ്ഞു.

Related Tags :
Similar Posts