
'മോശം സന്ദേശം അയച്ചു'; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാരുടെ പരാതി
|ഹെഡ് ക്വാർട്ടേഴ്സ് എസ് പി മെറിൻ ജോസഫ് പരാതി അന്വേഷിക്കും
തിരുവനന്തപുരം: തലസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാരുടെ പരാതി.ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശം അയച്ചെന്ന് കാട്ടി ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. ലപരാതിയുടെ അടിസ്ഥാനത്തില്‍ അജിതാ ബീഗം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെ അന്വേഷണ ചുമതല ഹെഡ് ക്വാർട്ടേഴ്സ് എസ് പി മെറിൻ ജോസഫിന് കൈമാറുകയും ചെയ്തു.
തിരുവനന്തപുരത്ത് പോലീസിൻ്റെ പ്രധാന ചുമതല വഹിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് രണ്ടു വനിത എസ് ഐമാർ പരാതി നൽകിയത്. തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽ എസ് പി ആയിരിക്കെ ഇയാളിൽനിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. ഐപിഎസ് ഉദ്യോഗസ്ഥൻ ഇവർക്ക് മോശമായ രീതിയിലുള്ള സന്ദേശമയച്ചു. തുടർന്ന് ഇവർ റേഞ്ച് ഐ ജി അജിത ബീഗത്തിന് പരാതി നൽകി. അജിതാ ബീഗം മെസ്സേജ് പരിശോധിച്ചു. പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനുശേഷമാണ് POSH ആക്ട് പ്രകാരം തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പരാതി പരിശോധിക്കുന്ന സെല്ലിന്റെ അധ്യക്ഷയായ മെറിൻ ജോസഫ് ഐപിഎസിനെ കൂടുതൽ അന്വേഷണത്തിനായി സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ ചുമതലപ്പെടുത്തി. വിശദമായ അന്വേഷണത്തിന് ശേഷമാകും നടപടി സ്വീകരിക്കുന്ന കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കുക. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടിയോ വകുപ്പുതല നടപടിയോ സ്വീകരിക്കും.
ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു കേസിൽ പ്രതിയെ സഹായിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ട ഐപിഎസ് ഉദ്യോഗസ്ഥൻ അടുത്തിടെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറി തിരുവനന്തപുരത്ത് എത്തിയത്.