< Back
Kerala
താങ്കൾ പരിഹാസ്യനായില്ലേ: കൊടിക്കുന്നിലിന്റെ ഖാർഗെ അഭിവാദ്യ പോസ്റ്റിന് താഴെ രൂക്ഷവിമർശം
Kerala

'താങ്കൾ പരിഹാസ്യനായില്ലേ': കൊടിക്കുന്നിലിന്റെ ഖാർഗെ അഭിവാദ്യ പോസ്റ്റിന് താഴെ രൂക്ഷവിമർശം

Web Desk
|
19 Oct 2022 6:01 PM IST

അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കവെ തരൂരിനെതിരെ പലപ്പോഴും കൊടിക്കുന്നിൽ പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇതാണ് വിമർശനത്തിന് പിന്നിൽ.

തിരുവനന്തപുരം: കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷവിമർശം. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കവെ തരൂരിനെതിരെ പലപ്പോഴും കൊടിക്കുന്നിൽ പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇതാണ് വിമർശനത്തിന് പിന്നിൽ.

തെരഞ്ഞെടുപ്പിൽ ഒരാൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും പക്ഷേ പ്രതിപക്ഷ ബഹുമാനം കൊടിക്കുന്നിൽ സുരേഷിൽ നിന്നുണ്ടായില്ലെന്നുമാണ് വിമർശം. പോസ്റ്റിന്, കമന്റ് രേഖപ്പെടുത്തിയ ഭൂരിഭാഗം പേരും ശശി തരൂരിന്റെ പോരാട്ടവീര്യത്തെ പ്രകീർത്തിക്കുകയാണ്. സമ്മർദങ്ങളെയും ഭീഷണികളെയും അതിജീവിച്ച് 1072 വോട്ടുനേടി കരുത്ത് കാട്ടിയ തരൂരിന് അഭിവാദ്യങ്ങളെന്നാണ് കമന്റിൽ അധികവും. പ്രസിഡന്റ് ഇലക്ഷനോടെ ഖർഗെയും തരൂരും പ്രവർത്തക മനസുകളിൽ ഇടം നേടിയെന്നും എന്നാൽ കൊടിക്കുന്നിൽ പരിഹാസ്യനായി മാറിയെന്നും ഒരാൾ കുറ്റപ്പെടുത്തുന്നു.


2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ കാണാമെന്ന തരത്തിലുള്ള കടുത്ത വിമർശവും കമന്റുകളിലുണ്ട്. ഫലപ്രഖ്യാപനത്തിന് പിന്നാലെയും തരൂരിനെതിരെ കൊടിക്കുന്നിൽ പ്രസ്താവന നടത്തിയിരുന്നു. ആയിരം വോട്ടുകൾ നേടിയ തരൂരിനെ പലരും അഭിനന്ദിക്കുമ്പോൾ അത് വലിയ കാര്യമല്ലെന്നായിരുന്നു കൊടിക്കുന്നിലിന്റെ പ്രസ്താവന. മൂന്നക്കം പോലും കടക്കാതിരുന്ന ജിതേന്ദ്ര പ്രസാദിന്റെ ചരിത്രം ഇപ്പോൾ പറയുന്നത് പ്രസക്തമല്ലെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കിയിരുന്നു.




നേരത്തെ അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ ശശി തരൂര്‍ ക്രമക്കേട് ആരോപിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പരിഹാസ രൂപേണയായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി. ജനാധിപത്യത്തില്‍ പരാതികള്‍ സ്വാഭാവികമാണെന്നും തോല്‍ക്കാന്‍ പോകുന്നവരാണ് മുന്‍കൂര്‍ ജാമ്യം പോലെ പരാതികള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി കൗണ്ടിങ് ബൂത്തില്‍ ഏജന്റായും കൊടിക്കുന്നില്‍ എത്തിയിരുന്നു.

Similar Posts