< Back
Kerala
അറബിക്കടലിൽ തീവ്രന്യൂനമർദം; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

അറബിക്കടലിൽ തീവ്രന്യൂനമർദം; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Web Desk
|
28 Oct 2025 9:57 AM IST

ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. അറബികടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ.

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും. തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കിയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ ക്യാമ്പ് പ്രവർത്തിക്കുന്നതിനാൽ അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ എൽപി, യുപി വിഭാഗങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അടിമാലി മൂന്നാർ പാതയിൽ അനിശ്ചിതകാലത്തേക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Similar Posts