Kerala
nivin pauly

നിവിന്‍ പോളി

Kerala

അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ നിവിൻ പോളിക്കെതിരെ കേസ്

Web Desk
|
3 Sept 2024 6:33 PM IST

എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വർഷം നവംബറിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻപോളി അടക്കമുള്ളവർ ചേർന്ന് പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

എറണാകുളം റൂറൽ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകൽ പോലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതിൽ ആറാം പ്രതിയാണ് നിവിൻ. കേസിൽ ഒന്നാം പ്രതി ശ്രേയയാണ്. നിർമാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.

നിർമാതാവ് അടക്കമുള്ളവർ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി നൽകിയത്.

പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നിവിൻ പോളി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. തന്നെയും കുടുംബത്തെയും കൊന്നുകളയും എന്നായിരുന്നു ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി. കുടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതി കഴിഞ്ഞമാസം പൊലീസിനെ സമീപിച്ചിരുന്നു. ഊന്നുകൽ പൊലീസിനാണ് പരാതി നൽകിയത്.

മലയാള സിനിമയിൽ പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക പീഡന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിവിൻ പോളിക്കുമെതിരെ പരാതി ഉയരുന്നത്.


Similar Posts