< Back
Kerala
വയറുവേദന ചികിത്സയുടെ മറവിൽ യുവതിയെ മയക്കി പീഡനം: വ്യാജ വൈദ്യനും കൂട്ടുപ്രതിയും അറസ്റ്റില്‍
Kerala

വയറുവേദന ചികിത്സയുടെ മറവിൽ യുവതിയെ മയക്കി പീഡനം: വ്യാജ വൈദ്യനും കൂട്ടുപ്രതിയും അറസ്റ്റില്‍

Web Desk
|
21 Dec 2023 6:36 PM IST

മലപ്പുറം സ്വദേശികളായ അബ്ദുൾ റഹ്മാനും ടി.സഫൂറയുമാണ് പിടിയിലായത്

കോഴിക്കോട്: വയറു വേദനക്കുള്ള ചികിത്സയുടെ മറവിൽ യുവതിയെ മയക്കി പീഡിപ്പിച്ച കേസിൽ വ്യാജ വൈദ്യനും കൂട്ടുപ്രതിയും കോഴിക്കോട് അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ അബ്ദുൾ റഹ്മാനും ടി.കസഫൂറയുമാണ് പിടിയിലായത്.

വയറുവേദനയ്ക്ക് ചികിത്സ നൽകാമെന്ന് പറഞ്ഞാണ് മടവൂർ മഖാമിന് സമീപത്തെ മുറിയിൽ യുവതിയെ എത്തിച്ചത്. തുടർന്ന് ഒരു ദ്രാവകം കുടിക്കാൻ നൽകി. ഇതിനു പിന്നാലെ മയങ്ങിപ്പോയ യുവതിയെ പ്രതി അബ്ദുൾ റഹ്മാൻ മണിക്കൂറുകളോളം പീഡിപ്പിക്കുകയായിരുന്നു. മുറിയിൽ മന്ത്രവാദത്തിന് സമാനമായ സാഹചര്യങ്ങൾ ഒരുക്കിയിരുന്നു.

ഈ മാസം ഒമ്പതിനാണ് സംഭവം. അബ്ദുൾ റഹ്മാനെ സഹായിച്ച ആളാണ് പിടിയിലായ സഫൂറ. ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നമംഗലം പൊലീസ് കേസ് എടുത്തത്. അബ്ദുറഹ്മാനെ അരീക്കോട് നിന്നും സഫൂറയെ കാവന്നൂരിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തൽ ഉൾപ്പടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കുന്നമംഗലം സി.ഐ എസ് ശ്രീകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


Similar Posts