< Back
Kerala
കണ്ടാൽ തിരിച്ചറിയുന്ന എല്ലാറ്റിനെയും അടിക്കും; പൊലീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ
Kerala

'കണ്ടാൽ തിരിച്ചറിയുന്ന എല്ലാറ്റിനെയും അടിക്കും'; പൊലീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ

Web Desk
|
24 Jun 2022 6:43 PM IST

സമരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് സമരമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്

കൽപ്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രോശം. 'ക്യാമ്പിൽ നിന്ന് വന്നവരേ പോകുള്ളൂ... കണ്ടാൽ തിരിച്ചറിയുന്ന എല്ലാറ്റിനെയും അടിക്കും'' എന്നിങ്ങനെയാണ് ആക്രമണം തടയാനെത്തിയ പൊലീസിനെതിരെ ഒരു പ്രവർത്തകൻ ഭീഷണി മുഴക്കിയത്. നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടു നൽകുന്നതിനായി നടന്ന പ്രതിഷേധത്തിലും പോരിനു വിളിക്കുന്ന മുദ്രാവാക്യങ്ങളാണ് എസ്എഫ്‌ഐ പ്രവർത്തകർ മുഴക്കിയത്. ''ഏത് മോന്റെ മോനായാലും ചുണയുണ്ടെങ്കിൽ നേരെ വാടാ പോരിനു വാടാ പട്ടികളേ... പട്ടികളേ പരനാറികളേ'' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. സമരക്കാരെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റുമ്പോൾ ഒരു പ്രവർത്തകൻ 'നിങ്ങൾക്ക് വേണ്ട ആളുകളുടെ ലിസ്റ്റില്ലേ എല്ലാവരെയും പിടിച്ച് കയറ്റണമോയെന്ന്' പൊലീസ് വാനിൽ നിന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

സമരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് സമരമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.


SFI activists threatens Kerala police

Similar Posts