
'എംഎസ്എഫിനെ നേരിടാൻ പേരിന്റെ പൂർണരൂപം മതിയെന്ന് എസ്എഫ്ഐ പറഞ്ഞിട്ടില്ല'; ദേശീയ അധ്യക്ഷൻ ആദർശ് എം.സജി
|എസ്എഫ് ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും ആദർശ് മീഡിയവണിനോട് പറഞ്ഞു.
ന്യൂഡല്‍ഹി: എംഎസ്‍എഫിനെ നേരിടാൻ ആ സംഘടനയുടെ പേരിൻ്റെ പൂർണരൂപം മതിയെന്ന് എസ്എഫ്ഐ പറഞ്ഞിട്ടില്ലെന്ന് ദേശീയ അധ്യക്ഷൻ ആദർശ് എം സജി. എംഎസ്‍എഫിനെനെതിരെ എസ്എഫ്ഐ സംസ്ഥാന നേതാക്കൾ ഇങ്ങനെ പറഞ്ഞിട്ടില്ല. തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നം എന്നും ആദർശ് മീഡിയവണിനോട് പറഞ്ഞു. ഇന്നാരംഭിക്കുന്ന എസ് എഫ് ഐ കേന്ദ്രകമ്മിറ്റി യോഗത്തിന് മുന്നോടിയായി മീഡിയവണുമായി സംസാരിക്കുകയായിരുന്നു ആദർശ് എം സജി .
'2017 മുതൽ തുടർച്ചയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐ വിജയിക്കുന്ന സാഹചര്യമുണ്ടായി.ഈ ഘട്ടത്തിലാണ് വർഗീയപരമായ ഇടപെടലുകളിലൂടെ കാമ്പസുകളെ മാറ്റുന്ന ശ്രമങ്ങൾ എംഎസ്എഫ് നടത്തിയത്. മതത്തെ ഉപയോഗിച്ച് പല കാമ്പയിനുകളും നടത്താനുള്ള ശ്രമങ്ങളും എംഎസ്എഫ് നടത്തി. തെരഞ്ഞെടുപ്പിനെ ഇത്തരത്തിലാണ് അവർ നേരിട്ടത്.ജമാഅത്തെ ഇസ്‌ലാമിയുടെ നാവായി എംഎസ്എഫ് മാറി. എംഎസ്എഫിന്റെ പൂർണരൂപം പറഞ്ഞാൽ മതിയെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞിട്ടില്ല.ഞാനവരുമായി സംസാരിച്ചിരുന്നു.അത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കാമ്പസുകൾക്കുള്ളിൽ മതത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനെയാണ് ഞങ്ങൾ എതിർത്തത്'. ആദർശ് എം സജി പറഞ്ഞു.
എംഎസ്എഫിനെ നേരിടാന്‍ അതിന്റെ പൂർണ രൂപം പറഞ്ഞാല്‍ മാത്രം മതിയെന്നും മറ്റ് ആയുധങ്ങളൊന്നും ആവശ്യമില്ലെന്നായിരുന്നു എസ്എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് എം.ശിവപ്രസാദ് കഴിഞ്ഞമാസം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 'കമ്മ്യൂണിസ്റ്റുകാരന്‍ തെരുവില്‍ നിന്ന് എംഎസ്എഫിന്‍റെ പൂർണരൂപം പറഞ്ഞാല്‍ എംഎസ്എഫുകാർ വിറച്ചുപോകും. എം എസ് എഫിനെ നേരിടാന്‍ എസ് എഫ് ഐക്ക് വേറെ ആയുധമെടുക്കേണ്ട,സമരം ചെയ്യേണ്ട. വെറുതെ എംഎസ്എഫിന്‍റെ പൂർണരൂപം പറഞ്ഞാല്‍ മതി..എംഎസ്എഫിന്‍റെ രാഷ്ട്രീയം അപ്രസക്തമാകാന്‍ എന്നായിരുന്നു എം.ശിവപ്രസാദ് പറഞ്ഞിരുന്നത്.