< Back
Kerala
sfi ps sanjeev
Kerala

കളമശ്ശേരി കഞ്ചാവ് കേസ്: അറസ്റ്റിലായ പ്രതികൾ കെഎസ്‍യു പ്രവർത്തകരെന്ന് എസ്എഫ്ഐ

Web Desk
|
15 March 2025 4:40 PM IST

‘എസ്എഫ്ഐയെ മനപ്പൂർവം മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമിക്കാൻ ശ്രമിക്കുന്നു’

തിരുവനന്തപുരം: എസ്എഫ്ഐയെ മനപ്പൂർവം മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കളമശ്ശേരി കഞ്ചാവ് കേസിൽ അറസ്റ്റിലായ ആകാശ്, ഷാലിഖ്, ആഷിഖ് എന്നിവർ സജീവ കെഎസ്‍യു പ്രവർത്തകരാണ്. ഇവരെല്ലാം ഒരുമിച്ചിരിക്കുന്ന കെഎസ്‍യു മീറ്റിങ്ങിന്റെ ഫോട്ടോയുണ്ടെന്നും പി.എസ് സഞ്ജീവ് പറഞ്ഞു.

ഷാലിഖ് കെഎസ്‌യു പ്രവർത്തകനാണെന്നത് ഒരു മാധ്യമങ്ങളിലും ഇല്ല. അറസ്റ്റ് ചെയ്ത് ജയിലിൽ കിടക്കുന്ന മൂന്നുപേരും കെഎസ് യു നേതാക്കളാണ്. തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ സുരേഷിന്റെ കൂടെ ഗുണ്ടാ നേതാവ് മരട് അനീഷ് നിൽക്കുന്ന ചിത്രങ്ങളുമുണ്ട്.

മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജനാധിപത്യവിരുദ്ധനാണ്. കൈരളി ചാനൽ പറഞ്ഞാൽ പ്രതികൾ കെഎസ്‍യു ആകില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എന്നാൽ, ഇപ്പോൾ തെളിവുകൾ പുറത്ത് വന്നിരിക്കുന്നു.

വി.ഡി സതീശനോട് ചോദ്യം ചോദിക്കാൻ പോലും മാധ്യമങ്ങൾ തയ്യാറായില്ല. മാധ്യമങ്ങൾ സത്യം പറയാത്തതിനാൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. കോൺഗ്രസ്‌ നേതാക്കളോട് ചോദ്യം ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും പി.എസ് സഞ്ജീവ് പറഞ്ഞു.

അതേസമയം, കളമശ്ശേരി കഞ്ചാവ് കേസിൽ അറസ്റ്റിലായ അഭിരാജിനെ എസ്എഫ്ഐ പുറത്താക്കിയിട്ടുണ്ട്. കളമശ്ശേരി പോളിടെക്നിക്കലിലെ ജനറൽ സെക്രട്ടറിയാണ് അഭിരാജ്. ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് അഭിരാജിനെ പുറത്താക്കിയത്. നിലവിൽ അഭിരാജ് എസ്എഫ്ഐ അംഗമല്ലെന്നും പി.എസ് സഞ്ജീവ് വ്യക്തമാക്കി.

Similar Posts