
വിദ്യാർഥികളിലെ സാമൂഹിക വിരുദ്ധ പ്രവണത ചെറുക്കണം: എസ്എഫ്ഐ
|‘ഗ്യാങ്ങിസം, അരാജകത്വം, ലഹരി, അക്രമവാസന തുടങ്ങിയവ വർധിക്കുന്നു’
തിരുവനന്തപുരം: കേരളത്തിലെ കൗമാരപ്രായക്കാരായ വിദ്യാർഥികളിൽ വർധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, ലഹരി, അക്രമവാസന തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവണതകളെ ചെറുക്കണമെന്ന് എസ്എഫ്ഐ. വിദ്യാർഥികൾക്കിടയിൽ അരാഷ്ട്രീയ പ്രവണതകൾ വ്യാപകമാകുന്നതിന്റെ ദുരന്തഫലങ്ങൾ വലിയരീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് സമപ്രായക്കാരായ വിദ്യാർഥികളുടെ ആക്രമണത്താൽ കൊല്ലപ്പെട്ട ദാരുണ സംഭവം കൗമാരക്കാരായ വിദ്യാർഥികൾക്കിടയിൽ രൂപപ്പെടുന്ന ദുഷ്പ്രവണതകളുടെ ഭീകരത വ്യക്തമാക്കുന്ന ഉദാഹരണങ്ങളിൽ ഒടുവിലത്തേത് മാത്രമാണ്. കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ നടന്ന ഫെയർവെലിൽ ഉണ്ടായ നിസ്സാര തർക്കങ്ങളാണ് പിന്നീടുള്ള ദിവസം ഗുരുതരമായ സംഘർഷത്തിലേക്കും ഷഹബാസിന്റെ മരണത്തിലേക്കും നയിച്ചത്.
സമപ്രായക്കാരായ വിദ്യാർഥികളെ കൂട്ടംചേർന്ന് ആക്രമിക്കുവാൻ നവമാധ്യമ ഗ്രൂപ്പുകൾ രൂപീകരിച്ച് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയും, സംഭവശേഷം ലവലേശം കുറ്റബോധമില്ലാത്ത നിലയിൽ പ്രതികരിക്കുകയും ചെയ്യുന്ന നിലയിലുള്ള ക്രിമിനൽ മനോഭാവം ടീനേജ് വിദ്യാർഥികളിൽ രൂപപ്പെടുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
കാസർകോട് നഗരത്തിലെ ഒരു വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥികളുടെ ഫെയർവെൽ പരിപാടിക്ക് ലഹരി പാർട്ടി ഒരുക്കുകയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടികൂടാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത വാർത്തയും നമ്മുടെ മുന്നിലുണ്ട്. വിദ്യാർഥികൾക്ക് സിന്തറ്റിക് ലഹരി വസ്തുക്കൾ ലഭ്യമാക്കുന്ന വിപണന സ്രോതസ്സുകളെയും സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ കാരിയറായി ഉപയോഗിക്കുന്ന ഡ്രഗ് മാഫിയ സംഘങ്ങളെയും ഇല്ലാതാക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു.
വിദ്യാർഥികളിൽ ആശയ - പ്രത്യയശാസ്ത്ര ധാരണകളും സംഘടനാബോധവും രൂപപ്പെടുത്താനുതകുന്ന വിദ്യാർത്ഥി രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും, അതുവഴി അരാഷ്ട്രീയ - അരാജക ഗ്യാങ്ങുകളെ വളർത്താൻ ഇടയാക്കുകയും ചെയ്ത ഭരണകൂട ഇടപെടലുകളും വലതുപക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും നിർമിച്ചെടുത്ത വിദ്യാർഥി രാഷ്ട്രീയ വിരുദ്ധ അരാഷ്ട്രീയ പൊതുബോധവും മൂലം സംഭവിക്കാനിടയുള്ള അപകടങ്ങളെ സംബന്ധിച്ച് എസ്എഫ്ഐ കാലങ്ങളായി നൽകുന്ന മുന്നറിയിപ്പുകൾ ശരിവെക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലേക്കും കലാ - കായിക - സന്നദ്ധ - സാംസ്കാരിക പ്രവർത്തനങ്ങളിലേക്കും വിദ്യാർഥികളെ കൈപിടിച്ചു കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയാണ് നിരന്തരം ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളിലൂടെ വെളിവാകുന്നത്.
അതോടൊപ്പം സ്വകാര്യ ട്യൂഷൻ സെന്ററുകൾ ബിസിനസ് വളർച്ച മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന അതിരുവിട്ട ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഒരു വിദ്യാഭ്യാസ സ്ഥാപനമെന്നുള്ള നിലയിൽ അച്ചടക്കത്തെയും അക്കാദമിക് അന്തരീക്ഷത്തെയും ഗൗരവ രൂപത്തിൽ സംവിധാനിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത കൂടി ഈ സംഭവം വിളിച്ചോതുന്നുണ്ട്.
കൗമാരപ്രായമെന്നത് അനേകം മാനസിക - വൈകാരിക പ്രക്ഷുബ്ധതയിലൂടെ കുട്ടികൾ കടന്നുപോകുന്ന ജീവിതഘട്ടമാണ്. ദേഷ്യവും ആവേശവും വാശിയും വൈരാഗ്യവുമെല്ലാം പ്രതികാര മനോഭാവത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും നിയന്ത്രണ വിധേയമാവാതിരിക്കയും ചെയ്യാനുള്ള സാധ്യത ഈ പ്രായക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. അപകടകരമായ അക്രമവാസനകളിലേക്ക് നയിക്കപ്പെടാൻ ഇടയുള്ള ഈ കൗമാരകാലത്തെ വിദ്യാർഥികളെ അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുകയും സ്കൂൾതലം മുതൽ ബോധവത്ക്കരണങ്ങൾ, പ്രത്യേകശ്രദ്ധ വേണ്ട വിഷയങ്ങളിൽ ആവശ്യമായ കൗൺസിലിങ്ങുകൾ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.
പുതുതലമുറയിൽ വ്യാപകമാകുന്ന അക്രമ - അരാഷ്ട്രീയ പ്രവണതകൾക്കെതിരായി ഭരണകൂട സംവിധാനങ്ങൾ ജാഗ്രത പുലർത്തണമെന്നും ശക്തമായ നിയമ നടപടികളിലൂടെയും ബോധവത്കരണങ്ങളിലൂടെ വിദ്യാർഥികളെ നേർദിശയിലേക്ക് നയിക്കാനുതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും സക്രിയവും സർഗാത്മാകവുമായ തലമുറയുടെ സൃഷ്ടിപ്പിന് വേണ്ടി സമൂഹസാക്ഷി ഉണർന്ന് പ്രവർത്തിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.