
'പരാതിയെ നിയമപരമായി നേരിടും'; സാമ്പത്തിക ആരോപണം തളളി ഷാന്‍ റഹ്മാന്‍
|നിജു രാജിനെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് ഷാന്‍ റഹ്മാന്‍ പറഞ്ഞു
കൊച്ചി: തനിക്കെതിരായ സാമ്പത്തിക ആരോപണം തളളി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. പ്രൊഡക്ഷൻ മാനേജർ നിജു രാജിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും കേസ് അട്ടിമറിക്കാനും ഒത്തുതീർപ്പിനുമായി മെനഞ്ഞ തന്ത്രമാണ് ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞു.
സംഗീത നിശ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിജു തന്നെ വഞ്ചിച്ചെന്നും നിയമപരമായി പരാതിയെ നേരിടുമെന്നും ഷാൻ റഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 15ന് കൊച്ചിയിൽ നടന്ന ഉയിരേ - ഷാൻ റഹ്മാൻ ലൈവ് ഇൻ കൺസേർട് പരിപാടിയുടെ സംഘാടകരായ നിജുവിന്റെ സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. 38 ലക്ഷത്തോളം രൂപ സംഗീത നിശയുടെ നടത്തിപ്പിനത്തിൽ തരാമെന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും പിന്നീട് കൈമലർത്തി എന്ന് നിജു പരാതിയിൽ ആരോപിച്ചിരുന്നു.
അതേസമയം വഞ്ചന കുറ്റത്തിന് കേസ് എടുത്തതിനു പുറമേ ഷാൻ റഹ്മാനെതിരെ എറണാകുളം സൗത്ത് പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനാണ് കേസ്. കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കോളജ് ഗ്രൗണ്ടിൽ വച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോൺ പറത്തുകയും ലേസർ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.