< Back
Kerala
വ്യക്തിപരമായ അടുപ്പം പാർട്ടിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല, ആരോടും ഒളിവിൽ കഴിയാൻ പറഞ്ഞിട്ടില്ല: ഷാഫി പറമ്പിൽ
Kerala

വ്യക്തിപരമായ അടുപ്പം പാർട്ടിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല, ആരോടും ഒളിവിൽ കഴിയാൻ പറഞ്ഞിട്ടില്ല: ഷാഫി പറമ്പിൽ

Web Desk
|
29 Nov 2025 1:07 PM IST

മറ്റേത് പാർട്ടി എടുക്കുന്നതിനെക്കാളും നല്ല നടപടി കോൺഗ്രസ് എടുത്തിട്ടുണ്ടെന്നും ഷാഫി പറഞ്ഞു

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിന് പുറത്ത് കൂടുതൽ പറയാനില്ലെന്ന് ഷാഫി പറമ്പിൽ എംപി. ആക്ഷേപം വന്നപ്പോൾ തന്നെ സസ്‌പെൻഡ് ചെയ്തു. തന്റെ വ്യക്തിപരമായ അടുപ്പം പാർട്ടിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല. മറ്റേത് പാർട്ടി എടുക്കുന്നതിനെക്കാളും നല്ല നടപടി കോൺഗ്രസ് എടുത്തിട്ടുണ്ട്.

അതിൽ കൂടുതൽ പ്രതികരണം തന്റെ ഭാഗത്തുനിന്ന് വേണ്ട എന്ന് തോന്നിയതുകൊണ്ടാണ് കൂടുതൽ പ്രതികരിക്കാതിരുന്നത്. മറ്റു നേതാക്കൾ ഓരോരുത്തരും വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറഞ്ഞത്. അത് ഒരുതരത്തിലും പാർട്ടിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല. ഇനി എന്തെങ്കിലും നടപടി വേണമെങ്കിൽ പാർട്ടി തീരുമാനിക്കും. പ്രചാരണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങളോ തീരുമാനങ്ങളോ കോൺഗ്രസ് രാഹുലിന് നൽകിയിട്ടില്ല. പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ രാഹുൽ ഭാഗമായിട്ടില്ലെന്നും ഷാഫി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനോട് ഒളിവിൽ കഴിയാൻ പാർട്ടി നേതൃത്വം നിർദേശിച്ചിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി. അത് വ്യക്തിപരമായ തീരുമാനമാണ്. പരാതി വരുന്നതിന് മുമ്പ് തന്നെ പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Similar Posts