< Back
Kerala
SSLC exam,Shahbas murder case,kerala,latest malayalam news,ഷഹബാസ്,താമരശേരി കൊലപാതകം
Kerala

പ്രതിഷേധങ്ങള്‍ക്കിടയിലും എസ്എസ്എല്‍സി പരീക്ഷയെഴുതി ഷഹബാസ് വധക്കേസിലെ പ്രതികള്‍

Web Desk
|
3 March 2025 1:21 PM IST

എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സാധ്യത

കോഴിക്കോട്: കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ചു വിദ്യാർഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതി. കോഴിക്കോട് വെള്ളിമാട് കുന്ന് ജുവൈനൽ ഹോമിലാണ് പരീക്ഷ എഴുതാനായി പ്രത്യേക സൗകര്യം ഒരുക്കിയത്. പരീക്ഷ എഴുതിക്കുന്നതിനെതിരെ ഇവരെ പാർപ്പിച്ച കോഴിക്കോട് വെള്ളിമാട് കുന്ന് ജുവൈനൽ ഹോമിലേക്ക് കെഎസ്‍യുവാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എംഎസ്എഫ് പ്രവർത്തകരുമെത്തി.

ഇടവേളകളിൽ ഒന്നിന് പിറകെ ഒന്നായി യൂത്ത് കോൺഗ്രസ്, എംഎസ്എഫ്,കെഎസ്‍യു പ്രവർത്തകർ പലതവണ പ്രതിഷേധിച്ചു. ചിലർ മതിൽ ചാടി കടന്ന് ജുവൈനൽ ഹോമിന് അകത്ത് കയറി. പ്രതിഷേധക്കാരെ മുഴുവൻ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഇവരെ സ്കൂളിൽ എത്തിച്ച് പരീക്ഷ എഴുതിക്കുന്നതിൽ സുരക്ഷാ പ്രശ്‌നമടക്കം വിലയിരുത്തിയാണ് വെള്ളിമാട് കുന്നിലെ ഒബ്സെർവേഷൻ ഹോമിൽ തന്നെ പരീക്ഷക്കായി പ്രത്യേക സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്. പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത് തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു.

അതിനിടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഷഹബസിൻ്റെ കുടുബത്തെ സന്ദർശിച്ചു.ഡിഡിഇ മനോജ് കുമാർ, എഇഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വീട്ടിലെത്തിയത്. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിലുള്ള എതിർപ്പ് ഇക്ബാൽ ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകളുടെ നിലപാട്. എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സാധ്യത.

Related Tags :
Similar Posts