< Back
Kerala
വ്യാജ കാഫിർ പോസ്റ്റ് സിപിഎം സൃഷ്ടിയെന്നു വ്യക്തമായി;  കെ.കെ ശൈലജ എംഎൽഎ സ്ഥാനം രാജിവെക്കണം: എം.കെ മുനീർ
Kerala

വ്യാജ കാഫിർ പോസ്റ്റ് സിപിഎം സൃഷ്ടിയെന്നു വ്യക്തമായി; കെ.കെ ശൈലജ എംഎൽഎ സ്ഥാനം രാജിവെക്കണം: എം.കെ മുനീർ

Web Desk
|
15 Aug 2024 9:44 AM IST

അല്പമെങ്കിലും മാന്യത അവശേഷിക്കുന്നെങ്കിൽ സിപിഎം പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും എം.കെ മുനീർ എംഎൽഎ

കോഴിക്കോട്: വിവാദ കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ കെ.കെ ശൈലജക്കെതിരെ എം.കെ മുനീർ എംഎൽഎ. ലോകാസഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് വർഗീയ വിഭജനമുണ്ടാക്കാൻ സൃഷ്ടിച്ച വ്യാജ കാഫിർ പോസ്റ്റിനു പിന്നിൽ സി.പി.എം ആണെന്ന് വ്യക്തമായതിനാൽ പ്രചാരണത്തിനു ചുക്കാൻ പിടിച്ച എൽ.ഡി.എഫ് സ്ഥാനാർഥി കെ. കെ ശൈലജ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് നിയമസഭാ ഉപനേതാവായ ഡോ.എം.കെ മുനീർ എംഎൽഎ ​രം​ഗത്തുവന്നത്. എതിരാളിയെ ഇത്ര ഹീനമായി വേട്ടയാടിയ ശൈലജക്കു ജനപ്രതിനിധിയായി തുടരാന്‍ യോഗ്യതയില്ലെന്ന് അദ്ദേഹം വാർത്താ കുറിപ്പിൽ പറഞ്ഞു.

'സിപിഎം ഗൂഢാലോചന പുറത്തു വരുമ്പോൾ കൂടുതൽ ഉന്നത സിപിഎം നേതാക്കൾ കുടുങ്ങും എന്ന് ഉറപ്പാണ്. എൽ.ഡി.എഫ് ഹീനകൃത്യത്തെ കുറിച്ച് ഹൈക്കോടതിയിൽ സത്യസന്ധമായി റിപ്പോർട്ട്‌ നൽകിയ പൊലീസ് ഓഫീസറെ സ്ഥലം മാറ്റിയാൽ എല്ലാം അവസാനിപ്പിക്കാമെന്നത് വർഗീയ പ്രചാര വേല ചെയ്തവരുടെ വ്യാമോഹം മാത്രമാണ്. വ്യാജ കാഫിർ പോസ്റ്റ്‌ ഉണ്ടാക്കി അതു പ്രചരിപ്പിച്ചവരെ സാക്ഷികൾ മാത്രമാക്കുന്ന പിണറായി പൊലീസിന് രാജ്യത്തെ കോടതികൾ തന്നെ വൈകാതെ നിയമം പഠിപ്പിക്കും'. അദ്ദേഹം പറഞ്ഞു. വ്യാജ കാഫിർ സന്ദേശത്തിന് പിന്നിൽ ഇടത് വാട്സ്ആപ്പ് ഗ്രൂപ്പുകളാണെന്ന പൊലീസ് റിപ്പോർട്ട് നിരന്തര നിയമപോരാട്ടത്തിന്റെ വിജയമാണെന്നും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സിപിഎം ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തിയാണ് എല്ലാം തയ്യാറാക്കിയതെന്നും എം.കെ മുനീർ അവകാശപ്പെട്ടു.

ഫെയ്സ്ബുക്കിൽ ഇത് പ്രചരിപ്പിച്ച അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിന്റെ അഡ്മിന് പ്രസ്തുത പോസ്റ്റ്‌ ലഭിക്കുന്നത് റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ്. ആ ഗ്രൂപ്പിലേക്ക് ഇതെത്തിയത് റെഡ് എൻകൗണ്ടർ എന്ന മറ്റൊരു സിപിഎം അനുകൂല വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണെന്നും ആ ഗ്രൂപ്പിൽ ഇത് പങ്ക് വെച്ച റിബേഷ് എന്ന വ്യക്തിക്ക് വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം വ്യകതമാക്കാൻ കഴിയാത്തതിനാൽ പ്രസ്തുത വ്യക്തിയുടെ ഫോൺ വിദഗ്ദ പരിശോധനക്ക് നൽകിയിരിക്കുന്നുവെന്നുമാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്‌.

എല്ലാം അവിടംകൊണ്ട് അവസാനിപ്പിക്കാൻ സിപിഎമ്മും പൊലീസും എത്ര ഒത്തു കളിച്ചാലും രക്ഷപെടാൻ അനുവദിക്കില്ല. അല്പമെങ്കിലും മാന്യത അവശേഷിക്കുന്നെങ്കിൽ സിപിഎം പൊതു സമൂഹത്തോട് മാപ്പ് പറയാനും പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കാനും തയ്യാറാവണമെന്നും എം.കെ മുനീർ ആവശ്യപ്പെട്ടു.

Similar Posts