< Back
Kerala
ഷാജ് കിരൺ അടുത്ത സുഹൃത്ത്, ശബ്ദരേഖ നാളെ പുറത്ത് വിടും- സ്വപ്ന സുരേഷ്
Kerala

ഷാജ് കിരൺ അടുത്ത സുഹൃത്ത്, ശബ്ദരേഖ നാളെ പുറത്ത് വിടും- സ്വപ്ന സുരേഷ്

ijas
|
9 Jun 2022 6:08 PM IST

അന്വേഷണം തടയാനോ,ഗൂഢാലോചന ഉള്ളതു കൊണ്ടോ അല്ല പൊലീസ് ബുദ്ധിമുട്ടിക്കും എന്ന ഭയത്താലാണ് ജാമ്യാപേക്ഷ നല്‍കിയതെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: ഷാജ് കിരൺ അടുത്ത സുഹൃത്താണെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. പി.എസ് സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുക്കുമെന്ന് ഷാജ് കിരൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും സ്വപ്ന സുരേഷ് പറഞ്ഞു. കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ആവശ്യപ്പെട്ടതായും ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനാണെന്നതിന്‍റെ തെളിവ് നാളെ പുറത്ത് വിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത് സരിത്തിന് നേരെ ആക്രമണം ഉണ്ടായതിനാലാണ്. അന്വേഷണം തടയാനോ,ഗൂഢാലോചന ഉള്ളതു കൊണ്ടോ അല്ല പൊലീസ് ബുദ്ധിമുട്ടിക്കും എന്ന ഭയത്താലാണ് ജാമ്യാപേക്ഷ നല്‍കിയതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഷാജ് കിരൺ താൻ വിളിച്ചതിനാൽ തന്നെയാണ് ഓഫീസിൽ വന്നത്. സരിത്തിനെ കസ്റ്റഡിയിൽ എടുക്കുന്ന കാര്യം ഷാജ് കിരണ്‍ നേരത്തെ പറഞ്ഞിരുന്നതായും അതിനാലാണ് സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തപ്പോൾ ഷാജ് കിരണിനെ വിളിച്ചതെന്നും സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ നികേഷ് കുമാറിനോട് സംസാരിക്കണം, മൊബൈൽ ഫോൺ കൈമാറണം എന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. എച്ച്.ആർ.ഡി.എസിനെ പൂട്ടും എന്ന് ഇന്ന് രാവിലെയും ഷാജ് ഭീഷണിപ്പെടുത്തിയതായും സ്വപ്ന പറഞ്ഞു. 164 പിൻവലിച്ചില്ലെങ്കിൽ അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും 12 പേരടങ്ങുന്ന സംഘമാണ് കേസുകൾ അന്വേഷിക്കാൻ പോകുന്നതെന്നും ഷാജ് പറഞ്ഞു. ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് ഒരു ആശങ്കയും തനിക്കില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് ഷാജനെ പരിചയപ്പെടുത്തിയതെന്നും സ്വപ്ന വ്യക്തമാക്കി.

Similar Posts