< Back
Kerala
ഷാരോൺ കൊലക്കേസ്: പ്രതി ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും
Kerala

ഷാരോൺ കൊലക്കേസ്: പ്രതി ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

Web Desk
|
6 Nov 2022 6:39 AM IST

വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ ലഭിച്ച ഗ്രീഷ്മയെ ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയെ ഇന്ന് രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോൺസണിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ ലഭിച്ച ഗ്രീഷ്മയെ ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു. കുറ്റസമ്മതം നടത്തിയെങ്കിലും മറ്റ് കാര്യങ്ങൾ സംബന്ധിച്ച് വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് വിവരം.

കൂട്ടുപ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കാനാണ് നീക്കം. അതേസമയം, ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് കഴിഞ്ഞ ദിവസം പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് സീൽ ചെയ്ത രാമവർമൻചിറയിലെ വീടിന്റെ പൂട്ടാണ് പൊളിച്ചത്. വീടിനുള്ളിൽ ആരോ കടന്നതായി സംശയമുണ്ട്. ഗേറ്റ് തുറന്നിട്ടില്ല എന്നതു കൊണ്ടുതന്നെ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറിയതാവാം എന്നാണ് സംശയിക്കുന്നത്. ഒക്ടോബർ മൂപ്പതാം തിയതിയാണ് അന്വേഷണ സംഘം വീട് സീൽ ചെയ്തത്.

രാമവർമ്മൻ ചിറയിലെ വീടിനു പുറമെ ഷാരോണും ഗ്രീഷ്മയും ഒരുമിച്ചെത്തിയ മറ്റു സ്ഥലങ്ങളിലും തെളിവെടുപ്പുണ്ടാകും. തെളിവെടുപ്പ് ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Similar Posts