< Back
Kerala
ഷാരോൺ വധക്കേസ്
Kerala

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിൽ അതിയായ ദുഃഖമുണ്ടെന്ന് ഷാരോണിന്റെ പിതാവ്

Web Desk
|
27 Sept 2023 9:48 AM IST

മകനെ നഷ്ടമായതിനു ഒരു വിലയും ഇല്ലാതായെന്ന് ഷാരോണിന്റെ മാതാവ് പ്രിയ പറഞ്ഞു

ആലപ്പുഴ: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിൽ അതിയായ ദുഃഖമുണ്ടെന്ന് ഷാരോണിന്റെ പിതാവ് ജയരാജൻ. ചിരിച്ചു കളിച്ച് ഉല്ലസിച്ചാണ് ഗ്രീഷ്മ ജയിലിൽ നിന്ന് ഇറങ്ങിയത് അത് കണ്ടപ്പോൾ ജീവൻ പോയെന്നും ജയരാജൻ പറഞ്ഞു. ഇപ്പോൾ ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പുറത്തിറങ്ങിയാൽ സാക്ഷികളെ ഗ്രീഷ്മ സ്വാധീനിച്ചേക്കും. മകനെ നഷ്ടമായതിനു ഒരു വിലയും ഇല്ലാതായെന്നും ഷാരോണിന്റെ മാതാവ് പ്രിയ പറഞ്ഞു.

ചിരിച്ചു കളിച്ച് ഉല്ലസിച്ചാണ് ഗ്രീഷ്മ ജയിലിൽ നിന്നു ഇറങ്ങിയത്. അത് കണ്ടപ്പോൾ ജീവൻ പോയി. ആദ്യഘട്ടത്തിൽ കേസിൽ നല്ല അന്വേഷണ പുരോഗതി ഉണ്ടായിരുന്നു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നു എന്നാൽ രണ്ടുമാസമായി കേസിനു എന്തോ സംഭവിച്ചെന്നും പിതാവ് പ്രതികരിച്ചു. ഇതിൽ ​ഗൂഢാലോചന നടന്നതായി സംശയമുണ്ട്. മാത്രമല്ല, ഹൈക്കോടതിയിലെത്തിയപ്പോൾ എന്ത് സംഭവിച്ചുവെന്ന് അറിയില്ല. പ്രോസിക്യൂട്ടറുടെ വീഴ്ചയെന്ന് കരുതുന്നതായും മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കും. മകനു നീതി ലഭിക്കാൻ നിയമ നടപടികളുമായി മുന്നോട്ടുതന്നെ പോകുമെന്നും സുപ്രീംകോടതി വരെ പോകാൻ തയ്യാറാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

പാറശ്ശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതി ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ജയിൽമോചിതയായത്. ചൊവ്വാഴ്ച രാത്രിയോടെ മാവേലിക്കര സബ് ജയിലിൽ നിന്ന് ബന്ധുക്കൾ ഗ്രീഷ്മയെ കൂട്ടിക്കൊണ്ടുപോയി. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജൂഡീഷ്യൽ കസ്റ്റഡിയിൽ വെക്കേണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചത്.

Similar Posts